ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് മുസ്ലിംകളെക്കുറിച്ച് നടത്തിയ പരാമർശം ഭരണഘടനയെ വെല്ലുവിളിക്കുന്നതും തുല്യാവകാശങ്ങൾക്ക് എതിരുനിൽക്കുന്നതുമാണെന്ന് സി.പി.എം. സുരക്ഷിതരായിരിക്കാൻ മുസ്ലിംകൾ മേധാവിത്വ ചിന്താഗതി ഉപേക്ഷിക്കണമെന്നാണ് ആർ.എസ്.എസ് പ്രസിദ്ധീകരണങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഭാഗവത് പറഞ്ഞത്. ചരിത്രപരമായ തെറ്റുകളുടെ പേരുപറഞ്ഞ് ഹിന്ദു സമൂഹത്തിന്റെ പ്രകോപനങ്ങളെ ന്യായീകരിക്കുകയാണ് അദ്ദേഹം. ഹിന്ദുക്കൾ പോരാട്ടത്തിലാണെന്നും പറയുന്നു. ഇന്ത്യയിലെ പൗരന്മാർക്കുനേരെ മതാടിസ്ഥാനത്തിൽ അക്രമങ്ങൾക്കുള്ള ആഹ്വാനമാണ് ആർ.എസ്.എസ് മേധാവി നടത്തിയത്.
ഹൈന്ദവ സമൂഹമല്ല, ഹിന്ദുത്വ സേനയാണ് ആർ.എസ്.എസ് ആശയങ്ങളിൽ പ്രചോദിതരാകുന്നത്. ന്യൂനപക്ഷ സമുദായങ്ങളുടെ നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങളെ നിരന്തരം ചെറുക്കുകയും ന്യൂനപക്ഷങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്നത് ഭാഗവതിനെപ്പോലുള്ളവരാണ്.
കീഴാളരായാൽ മാത്രമേ ഇന്ത്യയിൽ മുസ്ലിംകൾക്ക് കഴിയാനാവൂ എന്ന ഹെഡ്ഗേവാർ, ഗോൾവാൾക്കർ തുടങ്ങിയ ആർ.എസ്.എസ് ബിംബങ്ങളുടെ വർഗീയ എഴുത്തുകൾ ഒന്നുകൂടി പുതുക്കി പറയുകയാണ് ഭാഗവത്. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്കുനേരെയുള്ള ആക്രമണത്തിനെതിരെ ദേശഭക്തരായ ജനങ്ങൾ ശബ്ദമുയർത്തേണ്ട സന്ദർഭമാണിതെന്ന് പോളിറ്റ് ബ്യൂറോ പറഞ്ഞു.
അതേസമയം, ഭാഗവതിന്റെ പ്രസ്താവന മുൻകേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി സ്വാഗതം ചെയ്തു. മേധാവിത്വം സ്ഥാപിക്കാനുള്ള പോരാട്ടമല്ല, പങ്കാളിത്ത മനോഭാവമാണ് വികസനത്തിലേക്കും വിശ്വാസത്തിലേക്കുമുള്ള വഴിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ടു കോൺട്രാക്ടർമാരാണ് സാധാരണക്കാരായ മുസ്ലിംകൾക്ക് പ്രശ്നമുണ്ടാക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യവികസനത്തിന് ഇക്കൂട്ടർ ആഗ്രഹിക്കുന്നില്ല. അവരോടുള്ള കാഴ്ചപ്പാടിൽ മാറ്റം ഉണ്ടായി വരുന്നുണ്ടെന്നും നഖ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.