ന്യൂഡൽഹി: മുഖ്യശത്രുവായ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരണമാവാമോ എന്ന വിഷയം സി.പി.എമ്മിനു മുന്നിൽ കീറാമുട്ടി. 22ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയപ്രമേയത്തിെൻറ കരട് തയാറാക്കുന്നതിനു മുന്നോടിയായ യോഗത്തിന് പി.ബി രണ്ടാമതും ചേരുേമ്പാൾ മുഖ്യ ചർച്ച ഇതാവും. ബംഗാൾ ഘടകവും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കോൺഗ്രസ് സഹകരണത്തിനായി വാദിക്കുേമ്പാൾ നവഉദാരവത്കരണത്തോടുള്ള നിലപാടും പുനഃപരിശോധിക്കേണ്ടിവരുമോ എന്നതാണ് നേതൃത്വത്തെ വലക്കുന്നത്.
രാഷ്ട്രീയ നിലപാടിനെ ചൊല്ലിലുള്ള കടുത്ത ഭിന്നതക്കിടയിൽ തിങ്കളാഴ്ച പി.ബിയിൽ കടുത്ത വാദങ്ങളാവും ഉയരുക. കരട് രാഷ്ട്രീയ പ്രേമയം ചർച്ചചെയ്യാൻ ഒക്ടോബർ 14 മുതൽ 16 വരെ കേന്ദ്ര കമ്മിറ്റി വിളിക്കാൻ തീരുമാനിച്ചതിനാൽ ഇന്നത്തെ യോഗത്തിൽ കരട് തയാറാക്കാൻ നേതൃത്വം നിർബന്ധിതമാണ്. സെപ്റ്റംബർ രണ്ടാംവാരം രണ്ട് ദിവസം ചേർന്ന പി.ബിയിൽ സമവായത്തിലെത്താൻ കഴിയാത്തതിനാൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളുമായി സഖ്യമെന്നത് ഒക്ടോബർ രണ്ടിന് ചർച്ചചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസുമായും മറ്റ് പ്രാദേശിക കക്ഷികളുമായും ബന്ധമാവാമെന്ന നിർദേശത്തോട് പി.ബിയിൽ ഭൂരിപക്ഷത്തിനും കടുത്ത എതിർപ്പാണുള്ളത്. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, മുതിർന്ന നേതാക്കളായ എസ്. രാമചന്ദ്രൻ പിള്ള, വൃന്ദ കാരാട്ട്, കേരളത്തിൽനിന്നുള്ള പിണറായി വിജയൻ, മണിക് സർക്കാർ, തമിഴ്നാട്, ആന്ധ്രപ്രേദശ് അടക്കമുള്ള ഘടകങ്ങൾക്കും കടുത്ത വിയോജിപ്പാണ്. ബി.ജെ.പിക്കും മോദി സർക്കാറിനുമെതിരെ പോരാടുക മുഖ്യകടമയായി കഴിഞ്ഞ പാർട്ടി കോൺഗ്രസ് തീരുമാനിച്ചതിനൊപ്പം നവഉദാരവത്കരണ നയങ്ങളെ എതിർക്കാനും നിലപാട് സ്വീകരിച്ചു. അതിനാൽ, നവ ഉദാരവത്കരണ നയങ്ങൾ പിന്തുടരുന്ന കോൺഗ്രസുമായും സഖ്യം പാടില്ലെന്നും രാഷ്ട്രീയ പ്രമേയം അടിവരയിട്ട് പറഞ്ഞിരുന്നു.
കൂടാതെ, അവസരവാദപരമായ നിലപാട് സ്വീകരിക്കുന്ന പ്രാദേശിക കക്ഷികളുമായി ദേശീയതലത്തിലുള്ള കൂട്ടുകെട്ടും തള്ളി. ഇടത്പക്ഷ കക്ഷികളുടെ െഎക്യം ശക്തിപ്പെടുത്തുകയും സി.പി.എം സ്വയം ശക്തിപ്രാപിക്കുകയുമാണ് നിലപാടായി സ്വീകരിച്ചത്. ഇത് മാറ്റാനുള്ള സാഹചര്യമില്ലെന്നും അത് സി.പി.എം ശക്തവും ബി.ജെ.പി ലക്ഷ്യം വെക്കുകയും ചെയ്യുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയമായി തിരിച്ചടിയാവുമെന്നും എതിർക്കുന്നവർ ചൂണ്ടികാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.