ഭാരത് ജോഡോ ന്യായ് യാത്രക്ക് അഭിവാദ്യം അർപ്പിച്ച് അസമിലെ സി.പി.എം പ്രവർത്തകർ

ദിസ്പൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് അഭിവാദ്യം അർപ്പിച്ച് അസമിലെ സി.പി.എം പ്രവർത്തകർ. അസം കാംരൂപ് ജില്ലയിലെ ഖാനപാറയിലാണ് പ്രവർത്തകർ ബാനറുകളും കൊടികളും മു​ദ്രാവാക്യങ്ങളുമായി അണിനിരന്നത്. രാഹുൽ ഗാന്ധിക്കും യാത്രക്കും അഭിവാദ്യമർപ്പിച്ച അവർ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെയും മുദ്രാവാക്യം മുഴക്കി.

അ​സമിൽ ഭാരത് ജോഡ് ന്യായ് യാത്രക്കും രാഹുൽ ഗാന്ധിക്കും നേരെ സംഘ്പരിവാർ പ്രവർത്തകരുടെ വ്യാപക അതിക്രമമാണ് അരങ്ങേറുന്നത്. സോനിത്പൂരിൽ യാത്ര കടന്നുപോകുന്നതിനിടെ​ കാവിക്കൊടികളും മോദി അനുകൂല മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. യാ​ത്ര അലങ്കോലപ്പെടുത്തുന്ന രീതിയിലായിരുന്നു ബി.ജെ.പിക്കാരുടെ ഇടപെടൽ. 25ഓളം ​പേർ വടിയുമായി ബസിനരികിലേക്ക് ഓടിയെത്തി. പ്രതിഷേധത്തിനിടെ അവർക്കിടയിലേക്ക് രാഹുൽ ഗാന്ധി ഇറങ്ങിയപ്പോൾ ഉടൻ ഇടപ്പെട്ട രാഹുലിന്റെ സുരക്ഷ ജീവനക്കാർ അദ്ദേഹത്തെ തിരികെ നിർബന്ധപൂർവം ബസിലേക്ക് കയറ്റിവിടുകയായിരുന്നു.

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലെ നാഗോൺ ജില്ലയിലെ വഴിയോര ഭക്ഷണശാല സന്ദർശിച്ചപ്പോഴും രാഹുൽ ഗാന്ധിക്ക് നേരെ പ്രതിഷേധം ഉണ്ടായിരുന്നു. പ്ലക്കാർഡ് ഉയർത്തിയാണ് ഒരു സംഘം പ്രതിഷേധവുമായി എത്തിയത്. ന്യായ് യാത്രയുടെ പര്യടനത്തിന് ശേഷം വിശ്രമ സ്ഥലമായ രുപോഹിയിലേക്ക് വാഹനത്തിൽ പോകും വഴിയാണ് രാഹുലും സംഘവും അംബഗനിലെ വഴിയോര ഭക്ഷണശാലയിൽ ഇറങ്ങിയത്. ഇതിന് പിന്നാലെ പ്ലാക്കാർഡ് ഉയർത്തി മുദ്രാവാക്യം വിളികളുമായി സംഘമെത്തി. അന്യായ് യാത്ര, രാഹുൽ ഗാന്ധി ഗോ ബാക്ക്, റാഖിബുൽ ഗോ ബാക്ക് എന്നീ വാക്കുകളാണ് പ്ലക്കാർഡിൽ എഴുതിയിരുന്നത്. ഇതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ രാഹുലിനെയും സംഘത്തെയും പ്രത്യേക വാഹനത്തിൽ സ്ഥലത്ത് നിന്ന് നീക്കി.

കഴിഞ്ഞ ദിവസം വൈ​ഷ്ണ​വ പ​ണ്ഡി​ത​നാ​യ ശ്രീ​മ​ന്ത ശ​ങ്ക​ർ​ദേ​വ​യു​ടെ ജ​ന്മ​സ്ഥ​ല​മായ ബട്ടദ്രവ സത്രത്തിൽ പ്ര​ണാ​മം അ​ർ​പ്പി​ക്കാനെത്തിയ രാ​ഹു​ൽ ഗാ​ന്ധിയെ പൊലീസ് തടഞ്ഞിരുന്നു. സത്രത്തിന് മുമ്പിൽ വെച്ച് രാവിലെ എട്ടു മണിയോടെയാണ് രാഹുലിനെ ബാരിക്കേഡ് സ്ഥാപിച്ച് അസം പൊലീസ് തടഞ്ഞത്. അസം പൊലീസ് പൊലീസിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. സത്ര സന്ദർശനത്തിന് അനുമതി ലഭിച്ചിട്ടും കടത്തിവിടുന്നില്ലെന്നും സന്ദർശനം നിഷേധിക്കാൻ താൻ എന്ത് തെറ്റ് ചെയ്തെന്നും രാഹുൽ മാധ്യമങ്ങളോട് ചോദിച്ചു.

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങ് ന​ട​ക്കു​ന്ന ദിവസം രാഹുൽ ഗാന്ധി ബട്ടദ്രവ സത്രം സന്ദർശിക്കുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സത്രം സന്ദർശിക്കാൻ മാനേജ്മെന്‍റ് കമ്മിറ്റി അനുമതി നൽകുകയും ചെയ്തു. എന്നാൽ, രാഹുൽ ഗാന്ധി സത്രം സന്ദർശിക്കരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ രാവിലത്തെ സന്ദർശനത്തിന് അനുമതി നിഷേധിച്ച മാനേജ്മെന്‍റ് കമ്മിറ്റി, ഉച്ചക്ക് മൂന്നു മണിക്ക് ശേഷം സത്രം സന്ദർശിക്കാമെന്ന് അറിയിക്കുകയും ചെയ്തു. മാനേജ്മെന്‍റ് കമ്മിറ്റിയുടെ ഈ തീരുമാനത്തിന് പിന്നിൽ ബി.ജെ.പിയുടെ സമ്മർദമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.


Tags:    
News Summary - CPM workers in Assam salute Bharat Jodo Nyay Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.