ന്യൂഡൽഹി: വിദേശ യാത്രകളിൽ ക്രെഡിറ്റ് കാർഡ് മുഖേന നടത്തുന്ന പണമിടപാടുകൾ ഇനി നികുതിവലയിൽനിന്ന് രക്ഷപ്പെടില്ല. ഉറവിട നികുതി ശേഖരണത്തിൽനിന്ന് ഒഴിവാകാതിരിക്കാൻ ഇത്തരം ഇടപാടുകൾ റിസർവ് ബാങ്കിന്റെ ഉദാരീകൃത പണമയക്കൽ പദ്ധതിയുടെ (എൽ.ആർ.എസ്) പരിധിയിൽ കൊണ്ടുവരാനാണ് നീക്കം.
വിദേശ യാത്രകളിലെ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ എൽ.ആർ.എസ് പരിധിയിൽ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ പരിശോധിക്കാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടതായി 2023ലെ ധനബിൽ ലോക്സഭയിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
നിലവിൽ എൽ.ആർ.എസിന്റെ പരിധിയിൽ വരാത്തതിനാൽ വിദേശ യാത്രകളിലെ ക്രെഡിറ്റ് കാർഡ് മുഖേനയുള്ള പണമിടപാടുകളിൽ ഉറവിട നികുതി ശേഖരണം നടക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസം, വൈദ്യസേവനം എന്നിവക്കല്ലാതെ വിദേശത്തേക്കയക്കുന്ന പണത്തിന് 20 ശതമാനം ഉറവിട നികുതി പിടിക്കണമെന്ന് 2023ലെ കേന്ദ്ര ബജറ്റ് നിർദേശിച്ചിരുന്നു. നേരത്തേ, വിദേശത്തേക്ക് ഏഴു ലക്ഷം രൂപക്ക് മുകളിൽ അയക്കുന്ന തുകക്ക് അഞ്ചു ശതമാനമാണ് ഉറവിട നികുതി പിടിച്ചിരുന്നത്.
ഉദാരീകൃത പണമയക്കൽ പദ്ധതി 2004ലാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയത്. ഇതുപ്രകാരം 25,000 ഡോളർ (ഏകദേശം 2.05 കോടി രൂപ) വരെ അയക്കാൻ സാധിക്കും. അതിൽ കൂടുതൽ അയക്കണമെങ്കിൽ റിസർവ് ബാങ്കിന്റെ അനുമതി വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.