ബംഗളൂരു: വിവാഹത്തിനുവേണ്ടിയുള്ള മതപരിവർത്തനം ക്രിമിനൽ കുറ്റമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം ഉടനെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. 'ലൗ ജിഹാദ്' ആരോപിച്ച് വിവാഹത്തിനുവേണ്ടിയുള്ള മതപരിവർത്തനം കർണാടകയിൽ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞദിവസം യെദിയൂരപ്പ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത്.
മറ്റു സംസ്ഥാനങ്ങൾ എന്തു ചെയ്തു എന്നറിയില്ലെന്നും കർണാടകയിൽ ഇക്കാര്യത്തിൽ എത്രയും വേഗം തീരുമാനം എടുക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.
നേതാക്കളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. 'ലൗ ജിഹാദ്' നടക്കുന്നതിനാലാണ് വിവാഹത്തിനുവേണ്ടിയുള്ള മതപരിവർത്തനം ക്രിമിനൽ കുറ്റമാക്കുന്നതിനായുള്ള നിയമ നിർമാണത്തിന് ആലോചിക്കന്നത്.
നിയമ വിദഗ്ധരുമായി ചർച്ച നടത്തിയശേഷം തീരുമാനം പ്രഖ്യാപിച്ചുമെന്നും യെദിയൂരപ്പ പറഞ്ഞു. തീവ്ര ഹിന്ദുത്വ വാദികൾ പലപ്പോഴായി ആരോപിക്കുന്ന ലൗജിഹാദ് കേസുകൾ കേന്ദ്ര ഏജൻസികൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അത്തരമൊരു കാര്യം നിലനിൽക്കുന്നില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുള്ളത്. ഇല്ലാത്ത ഒരു കാര്യത്തെ തടയാനാണ് തിടുക്കപ്പെട്ട് ബി.ജെ.പി സർക്കാർ ഇത്തരമൊരു നിയമ നിർമാണത്തിനൊരുങ്ങുന്നതെന്നാണ് പ്രധാന ആരോപണം.
വിവാഹത്തിനുവേണ്ടി മതം മാറ്റുന്നത് നിയമവിരുദ്ധമാണെന്ന അലഹബാദ് ഹൈകോടതിയുടെ ഉത്തരവ് വന്ന് ദിവസങ്ങള്‍ക്കുശേഷമാണ് ഇതിനായി പ്രത്യേക നിയമനിർമാണത്തിന് കർണാടക ശ്രമിക്കുന്നത്. അതേസമയം, വിവാഹത്തിനുവേണ്ടിയുള്ള മതപരിവർത്തനം തടയാൻ നിയമനിർമാണം നടത്താനുള്ള സർക്കാർ നീക്കം ഭരണപരാജയം മറച്ചുവെക്കാനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആരോപിച്ചു.
ലൗ ജിഹാദ് എന്ന വാക്കോ അത്തരമൊരു കാര്യമോ നിലനിൽക്കുന്നില്ലെന്ന് കേന്ദ്രം തന്നെ പറയുമ്പോൾ എന്ത് അടിസ്ഥാനത്തിലാണ് യെദിയൂരപ്പ അതിനെതിരെ നിയമനിർമാണം നടത്തുകയെന്നും സിദ്ധരാമയ്യ ചോദിച്ചു. അലഹബാദ് ഹൈകോടതി വിധിയെ ബി.ജെ.പി തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മിശ്രവിവാഹം നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും കർണാടകയെ പോലൊരു സംസ്ഥാനം യു.പിയെ മാതൃകയാക്കരുതെന്നും സിദ്ധരാമയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.