സുൽത്താൻപൂർ: കേന്ദ്ര സർക്കാറിനെ വിമർശിക്കുന്ന മകൻ വരുൺ ഗാന്ധിയുടെ എഴുത്തുകൾ പിലിബിറ്റിൽ ലോക്സഭ ടിക്കറ്റ് നഷ്ടപ്പെടുത്തിയിരിക്കാമെന്ന് സൂചിപ്പിച്ച് ബി.ജെ.പി നേതാവ് മനേക ഗാന്ധി. മത്സരിച്ചില്ലെങ്കിലും വരുൺ നന്നായി പ്രവർത്തിക്കുമെന്ന് സുൽത്താൻപുരിലെ ബി.ജെ.പി സ്ഥാനാർഥിയായ മനേക വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. വരുൺ പിലിബിറ്റിൽനിന്ന് മത്സരിക്കേണ്ടിയിരുന്നെന്നും പക്ഷേ പാർട്ടി മറ്റൊരു തീരുമാനമാണെടുത്തതെന്നും മനേക പറഞ്ഞു.
വരുണിന് ടിക്കറ്റ് നിഷേധിച്ചപ്പോൾ അമ്മയെന്ന നിലയിൽ വിഷമം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘സന്തോഷിച്ചുവെന്ന് എനിക്ക് പറയാൻ കഴിയില്ല, പക്ഷേ ടിക്കറ്റ് ഇല്ലാതെപോലും വരുൺ മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്’ എന്നായിരുന്നു മറുപടി. തനിക്ക് വേണ്ടി പ്രചാരണം നടത്താനെത്തുന്നതിൽ വരുണിന് സന്തോഷമേയുള്ളൂവെന്നും വരാൻ ആവശ്യപ്പെട്ടതായും എന്നാൽ, തീരുമാനമായില്ലെന്നും മനേക പറഞ്ഞു. താൻ പ്രാദേശിക വിഷയങ്ങളാണ് പ്രചാരണത്തിൽ ഉന്നയിക്കുന്നത്. ദേശീയ വിഷയങ്ങളെക്കാൾ എന്തു ചെയ്തു, ഭാവിയിൽ എന്ത് ചെയ്യും എന്നറിയാനാണ് ജനങ്ങൾക്ക് താൽപര്യം. അയോധ്യക്ക് അടുത്താണെങ്കിലും സുൽത്താൻപൂരിൽ ക്ഷേത്രവിഷയത്തിന് പ്രാധാന്യം കുറവാണ്. അയോധ്യ ക്ഷേത്രത്തെക്കുറിച്ച് ജനങ്ങൾ സന്തുഷ്ടരാണെങ്കിലും ഇത് തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും മനേക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.