രാജസ്ഥാനിലെ കരൗലി ജില്ലയിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തെ തുടർന്ന് ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകുന്നേരം വരെയാണ് കർഫ്യൂ. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായി ഇൻറർനെറ്റ് സൗകര്യവും വിച്ഛേദിച്ചു. ഹിന്ദു പുതുവത്സരമായ നവ സംവത്സര ആഘോഷത്തിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ആഘോഷത്തിന്റെ ഭാഗമായ മോട്ടോർസൈക്കിൾ റാലി മുസ്‍ലിം ഭൂരിപക്ഷപ്രദേശത്തുകൂടെ കടന്നുപോകവേ കല്ലേറുണ്ടായതായി ആരോപിച്ചാണ് സംഘർഷങ്ങളുടെ തുടക്കമെന്നും ഇതിനെ തുടർന്ന് നിരവധി കടകൾക്ക് തീയിട്ടതായും 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്യുന്നു. അക്രമികൾ നിരവധി വാഹനങ്ങൾക്കും തീയിട്ടു.
42 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കടകൾക്കും വാഹനങ്ങൾക്കും തീയിട്ട അക്രമത്തിൽ ഇതുവരെ 30 പേരെ കസ്റ്റഡിയിലെടുത്തതായി അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഹവ സിംഗ് ഗുമരിയ പി.ടി.ഐയോട് പറഞ്ഞു.
തലസ്ഥാനമായ ജയ്പൂരിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള കരൗലിയിൽ വർഗീയ സംഘർഷത്തിന്റെ വെളിച്ചത്തിൽ തിങ്കളാഴ്ച രാത്രി വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ മൂന്ന് അർദ്ധരാത്രി വരെ ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, ഇൻസ്‌പെക്ടർ റാങ്കിലുള്ള 50 ഓഫീസർമാർ ഉൾപ്പെടെ 600 പൊലീസുകാരെ കരൗലിയിൽ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.