ഛണ്ഡിഗഢ്: ജോലി ക്രമപ്പെടുത്തുന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബ് റോഡ്‌വേയ്സിലെയും പഞ്ചാബ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിലെയും (പി.ആർ.ടി.സി) കരാർ ജീവനക്കാർ മൂന്നുദിവസത്തെ പണിമുടക്ക് തുടങ്ങി.
ഏകദേശം 2,800 ബസുകളുടെ ഓട്ടം മുടങ്ങിയെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി മുതൽ ബസുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഗുരു ഗോവിന്ദ് സിങ്ങിന്റെ ജന്മദിനമായ തിങ്കളാഴ്ച അവധിയായതിനാൽ എല്ലാ ബസ് സ്റ്റാൻഡുകളിലും നിരവധി യാത്രക്കാർ ബസ് കിട്ടാതെ ബുദ്ധിമുട്ടിലായി.
പഞ്ചാബിലുടനീളമുള്ള 23 ജില്ലകളിലെയും 27 ബസ് ഡിപ്പോകളിലായി 8,000 കരാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തുവെന്ന് പഞ്ചാബ് റോഡ്‌വേയ്സ്, പൻബസ്, പി.ആർ.ടി.സി കരാർ തൊഴിലാളി യൂനിയൻ നേതാക്കൾ പറഞ്ഞു. ചൊവ്വാഴ്ച മുഖ്യമന്ത്രി ഭഗവന്ത് മാന്റെ വസതിയിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തും. തങ്ങളുടെ ജോലി ക്രമപ്പെടുത്തുക, കരാർ ജീവനക്കാർക്ക് അഞ്ചു ശതമാനം വാർഷിക ശമ്പള വർദ്ധന ഏർപ്പെടുത്തുക, സസ്പെൻഡ് ചെയ്ത തൊഴിലാളികളെ തിരിച്ചെടുക്കുക, ഔട്ട്സോഴ്സിങ് റിക്രൂട്ട്മെൻ്റ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജീവനക്കാർ ഉന്നയിച്ചത്.
എന്നാൽ, സ്ഥിരം ജീവനക്കാരാണ് ബസുകൾ ഓടിക്കുന്നതെന്നും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.