ഭോപ്പാൽ: നഗരത്തിൽ രാമനവമി ഘോഷയാത്രക്കിടെയുണ്ടായ അക്രമത്തിന് ശേഷം മധ്യപ്രദേശിലെ ഖാർഗോണിന്റെ ചില ഭാഗങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. നഗരത്തിൽ വലിയ സമ്മേളനങ്ങൾ നിരോധിച്ചിട്ടുണ്ട്. അക്രമ റിപ്പോർട്ടുകൾക്കിടയിൽ കനത്ത പൊലീസ് വിന്യാസവുമുണ്ട്. രാമനവമിയോട് അനുബന്ധിച്ചുള്ള ഘോഷയാത്രക്കിടെയാണ് സംഘർഷമുണ്ടായത്.
രാമനവമി ഘോഷയാത്ര തലാബ് ചൗക്ക് പ്രദേശത്ത് എത്തിയപ്പോൾ യാത്രയിൽ പങ്കെടുത്ത ചിലർ പ്രകോപന മുദ്രാവാക്യം വിളിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. ജാഥ ഖാർഗോൺ നഗരം ചുറ്റിക്കറങ്ങേണ്ടതായിരുന്നുവെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു.
ഘോഷയാത്രക്കിടെ ഉച്ചഭാഷിണിയിൽ ഉറക്കെ പാട്ടുകൾ കേൾപ്പിച്ചിരുന്നു. വാഹനങ്ങൾക്ക് തീയിടുന്നതും ചില ചെറുപ്പക്കാർ കല്ലെറിയുന്നതും പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പൊലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് ചൗധരി ഉൾപ്പെടെ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു.
ആളുകൾ വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിക്കുന്ന അറിയിപ്പുകൾ പൊലീസ് പുറപ്പെടുവിക്കുന്നുണ്ട്. നാല് വീടുകൾ അഗ്നിക്കിരയാക്കുകയും ഒരു ക്ഷേത്രം തകർക്കപ്പെട്ടതായും റിപ്പോർട്ടുണ്ടെന്ന് എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്യുന്നു. നഗരത്തിൽ പലയിടത്തും കല്ലേറുണ്ടായതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ അയൽ ജില്ലകളിൽ നിന്ന് അധിക പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.