ഡെറാഡൂൺ: കുംഭമേള പൂർത്തിയായതിന് പിന്നാലെ ഹരിദ്വാറിൽ കർഫ്യു പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. മേളയുടെ അവസാന ചടങ്ങായ സഹി സ്നാൻ പൂർത്തിയായതിന് പിന്നാലെയായിരുന്നു കർഫ്യു. പതിനായിരത്തോളം വിശ്വാസികളാണ് അവസാനചടങ്ങുകൾക്കായി ഹരിദ്വാറിൽ എത്തിയത്. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിക്കാതെയായിരുന്നു ചടങ്ങുകൾ.
കർഫ്യു സമയത്ത് അവശ്യസർവീസുകൾ മാത്രമേ അനുവദിക്കുവെന്ന് അധികൃതർ അറിയിച്ചു. നഗരമേഖലകളായ ഹരിദ്വാർ, റൂർക്കേ, ലക്ഷർ, ഭഗവാൻപൂർ എന്നിവിടങ്ങളിലാണ് കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഹരിദ്വാർ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 18ന് കുംഭമേള ചടങ്ങ് മാത്രമാക്കി ചുരുക്കാൻ പ്രധാനമന്ത്രി നിർദേശം നൽകിയിരുന്നു. ചില അഖാഡകൾ കുംഭമേളയിൽ നിന്ന് പിൻവാങ്ങുകയും ചെയ്തിരുന്നു. എന്നാൽ, എ.എൻ.ഐ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ ദിവസവും നൂറകണക്കിന് സന്യാസികളാണ് കുംഭമേളക്കായി എത്തിയത്. ഇവരെ കൂടാതെ ആയിരക്കണക്കിന് വിശ്വാസികളും എത്തിയിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെയായിരുന്നു ആയിരക്കണക്കിന് ആളുകൾ ഹരിദ്വാറിൽ തടിച്ച് കൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.