ജയ്പൂർ: ശനിയാഴ്ച വൈകുന്നേരം വർഗീയ സംഘർഷമുണ്ടായതിനെ തുടർന്ന് രാജസ്ഥാനിലെ കരൗലി നഗരത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു. ഹിന്ദു പുതുവർഷ ആഘോഷവുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകുന്നേരം ഹിന്ദുത്വ സംഘടനകൾ നടത്തിയ റാലിയിൽ മുസ്ലിം പള്ളിക്കുനേരെയുണ്ടായ കല്ലേറാണ് സംഘർഷത്തിലേക്ക് നയിച്ചത്. ആളുകൾ തമ്മിൽ പോരടിക്കുന്നതിലേക്കും സ്വകാര്യ-പൊതു മുതൽ നശിപ്പിക്കുന്നതിലേക്കും കാര്യങ്ങൾ കടന്നതോടെയാണ് ജില്ലാ കളക്ടർ രാജേന്ദ്ര സിങ് ഷെഖാവത്ത് ഏപ്രിൽ 4 വരെ നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തിയത്.
വർഗീയ സംഘർഷത്തിൽ 35 ലധികം കടകളും രണ്ട് ഡസനിലധികം വാഹനങ്ങളും കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിൽ സമാധാനം പരിപാലിക്കുന്നതിനായി 600 ലധികം സൈനികരെ അധികൃതർ വിന്യസിച്ചിട്ടുണ്ട്. നഗരത്തിൽ പോലീസ് 15 പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും നിരന്തരം ഫ്ലാഗ് മാർച്ച് നടത്തുന്നതിലൂടെ നിലവിൽ കരൗലിയിൽ സംഘർഷങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
കരൗലിയിലെ വർഗീയ സംഘർഷങ്ങൾക്ക് പിന്നിൽ ബി.ജെ.പി യാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. മതപരമായ കാരണങ്ങൾ ഉന്നയിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ബി.ജെ.പിയുടെ ഈ ലക്ഷ്യങ്ങൾ സംസ്ഥാനത്ത് നടപ്പാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.