ചെന്നൈ: ചെന്നൈയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. ഡി.എം.കെ (ദ്രാവിഡ മുന്നേറ്റ കഴകം) സർക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി മരണങ്ങളിൽ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി ജഡ്ജിമാർ മുന്നോട്ട് വരണമെന്ന് പ്രതിപക്ഷനേതാവ് എടപ്പാടി കെ. പളനിസ്വാമി ആവശ്യപ്പെട്ടു. രാജശേഖരൻ എന്നയാളാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. രണ്ടുമാസത്തിനിടെയുണ്ടായ രണ്ടാമത്തെ കസ്റ്റഡി മരണമാണിത്. ശനിയാഴ്ചയാണ് നിരവധി കേസുകളിൽ പ്രതിയായ രാജശേഖരനെ അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് അറസ്റ്റുചെയ്തത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രാജശേഖരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആശുപത്രി അധികൃതർ രാജശേഖരനെ സ്റ്റാൻലി ഗവൺമെന്‍റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നെന്നും അവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നെന്നും കൊടുങ്ങയൂർ പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യുന്നതിനിടയിലാണ് രാജശേഖരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
ഏപ്രിലിൽ വി. വിഘ്നേഷ് എന്ന 25 വയസുള്ള യുവാവും പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു. മയക്കുമരുന്ന് കൈവശം വച്ചുഎന്ന് ആരോപിച്ച് അറസ്റ്റുചെയ്ത വിഘ്നേഷ് അടുത്തദിവസം മരിക്കുകയായിരുന്നു.
എന്നാൽ മരണത്തിൽ മൗനം പാലിക്കാൻ പോലീസ് കുടുംബത്തിന് ഒരു ലക്ഷം രൂപ കൈക്കൂലി നൽകാൻ ശ്രമിച്ചു, പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കാണാൻ പോലും അനുവദിച്ചില്ല തുടങ്ങി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വിഘ്നേഷിന്‍റെ സഹോദരൻ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.