ദുരിതം മാറാതെ ചെന്നൈ; 5060 കോടിയുടെ കേന്ദ്ര സഹായം തേടി സ്റ്റാലിൻ

ചെന്നൈ: മിഗ്ജോം ചുഴലിക്കൊടുങ്കാറ്റിന്റെ കെടുതിയിൽനിന്ന് ചെന്നൈ നഗരത്തിന് ബുധനാഴ്ചയും മോചനമായില്ല. പലയിടങ്ങളിലും വെള്ളക്കെട്ടും വൈദ്യുതി മുടക്കവും ജനജീവിതം ദുസ്സഹമാക്കി. അടിയന്തര സാഹചര്യം നേരിടാൻ 5060 കോടി രൂപയുടെ ഇടക്കാലാശ്വാസം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്ര സർക്കാറിന് കത്തെഴുതി. മഴക്കെടുതിയിൽ ആറുപേരാണ് മരിച്ചത്.

അതിനിടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ അധികൃതർ ഊർജിതമാക്കി. അർധരാത്രിയിലും ആളുകളെ ചെറുബോട്ടുകളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 372 ദുരിതാശ്വാസ ക്യാമ്പുകളിലായി 41,400 പേരാണ് കഴിയുന്നത്. മുഖ്യമന്ത്രി പ്രളയബാധിത മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വൈദ്യുതി കേബിളുകൾ വെള്ളത്തിനടിയിലായതിനാൽ മുൻകരുതലെന്ന നിലയിൽ ചിലയിടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സാധാരണ നില പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായി അധികൃതർ പറഞ്ഞു.

ചെന്നൈയിലെ സ്കൂളുകൾക്കും കോളജുകൾക്കും വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെത്തുടർന്ന് താംബരം, വേലച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. വെള്ളം കയറിയ പ്രദേശങ്ങളിൽനിന്ന് ആളുകൾ വീടുകളുപേക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് പോകുന്നത് ബുധനാഴ്ചയും കാണാമായിരുന്നു. വെള്ളക്കെട്ട് കാരണം 11 സബ്വേകൾ ബുധനാഴ്ചയും അടഞ്ഞുകിടന്നു. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായെങ്കിലും ട്രെയിൻ ഗതാഗതം പൂർണമായി പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

ചെന്നൈ എഗ്മോർ-ചെങ്കൽപേട്ട്, ചെന്നൈ ബീച്ച്-ആരക്കോണം റൂട്ടുകളിൽ 30 മുതൽ 45 മിനിറ്റ് വരെ ഇടവേളകളിൽ സബർബർ സർവിസ് പുനരാരംഭിച്ചിട്ടുണ്ട്. തിരുവൊട്ടിയൂർ-സുല്ലൂർപേട്ട റൂട്ടിൽ ഓരോ മണിക്കൂർ ഇടവിട്ടും സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. പ്രളയത്തിന്റെ രൂക്ഷത വ്യക്തമാക്കുന്ന വിഡിയോകൾ ‘എക്സ്’ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ പാൽ ദൗർലഭ്യം നേരിടുന്നതായി ആളുകൾ പരാതിപ്പെട്ടു. അമിത വില ഈടാക്കിയാണ് പാൽ വിൽക്കുന്നതെന്നും പരാതിയുണ്ട്. രൂക്ഷമായ പ്രളയദുരിതം നേരിടുന്ന സ്ഥലങ്ങളിൽ ഭക്ഷണ പാക്കറ്റുകൾ ഹെലികോപ്ടറുകളിൽ വിതരണം ചെയ്തു.

Tags:    
News Summary - Cyclone Michaung: TN seeks Rs 5,000 crore central assistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.