ബംഗളൂരു: ബംഗളൂരു കോർപറേഷൻ (ബി.ബി.എം.പി) പരിധിയിലെ ആശുപത്രികളിൽ കോവിഡ് ബെഡ് അനുവദിക്കുന്നതിൽ അഴിമതി നടത്തിയ സംഭവത്തെ വർഗീയവത്കരിച്ച ബി.ജെ.പി എം.പി തേജസ്വി സൂര്യക്ക് മറുപടിയുമായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.െക ശിവകുമാർ. മുസ്ലിം ജീവനക്കാരെ എന്തിന് നിയമിച്ചുവെന്ന് ചോദിച്ചുകൊണ്ടുള്ള വർഗീയ പരാമർശങ്ങളോടെയുള്ള തേജസ്വിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതിനെതിരെ ശിവകുമാർ രംഗത്തെത്തി. "തേജസ്വി സൂര്യ എന്തിനാണ് മുസ്ലിംകളെ അധിക്ഷേപിക്കുന്നത്. അവർ എന്റെ സഹോദരന്മാരാണ്. ഇത് ഭാരതമാണ്. ഞങ്ങൾ ഇവിടെ ഒരുമിച്ചു ജീവിക്കും, ഒരുമിച്ചു മരിക്കും. കാശ്മീർ മുതൽ കന്യാകുമാരി വരെ മുസ്ലിംകൾ ഒരുപാട് സേവനങ്ങൾ ചെയ്യുന്നുണ്ട്. നമുക്ക് വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ടാകാം. എന്നാൽ ധർമവും ദൈവത്തിേലക്കുള്ള മാർഗവും ഒന്നാണ്. ബാംഗ്ലൂരിനെ തീവ്രവാദികൾ ഒളിഞ്ഞിരിക്കുന്ന ഇടം എന്ന് വിശേഷിപ്പിച്ച ആളാണ് അദ്ദേഹം. അങ്ങനെയുള്ള ആളെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി നിർദേശം നൽകണം'' -ഡി.കെ പറഞ്ഞു.
അഴിമതി വെളിപ്പെടുത്താൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിന് പിന്നാലെയുള്ള വിഡിയോ സന്ദേശത്തിലാണ് തേജസ്വി സൂര്യ വർഗീയ പരാമർശങ്ങൾ നടത്തിയത്. ബി.ബി.എം.പി സൗത്ത് സോണിലെ 16 മുസ്ലിം ജീവനക്കാരുടെ പേര് വിഡിയോയിൽ എടുത്തുപറഞ്ഞ എം.പി, എന്തടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചതെന്ന് ചോദിച്ചു. എം.എൽ.എമാരായ രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചർ, സതീഷ് റെഡ്ഡി എന്നിവരും എം.പിക്കൊപ്പമുണ്ടായിരുന്നു. ഇത് മദ്റസയാണോ അതോ കോർപറേഷനാണോ എന്നായിരുന്നു രവി സുബ്രഹ്മണ്യ എം.എൽ.എയുടെ ചോദ്യം. വിഡിയോ കടുത്ത വർഗീയ പരാമർശങ്ങളോടെ വാട്സ്ആപ്പിൽ അതിവേഗം പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.