ലക്‌നൗ: പശുവിറച്ചി കൈവശം വെച്ചു എന്നാരോപിച്ച് 2015ല്‍ മുഹമ്മദ് അഖ്‌ലാഖിനെ കൊല ചെയ്ത സംഭവത്തിലെ പ്രതികളെ മുൻനിര യിലിരുത്തി ഗോ സംരക്ഷണത്തിൻെറ മഹിമ പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി നേതാവ് സഞ് ജയ് റാണയുടെ മകനും മുഖ്യപ്രതിയുമായ വിശാല്‍ റാണയും കൂട്ട് പ്രതികളും യോഗിയുടെ പ്രസംഗത്തിന് കയ്യടിക്കുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. ഇവർ യോഗിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സജീവമായി പങ്കെടുത്തിരുന്നു.
അഖ്‌ലാഖിൻെറ കൊലപാതകത്തെ കുറിച്ചും യോഗി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. പ്രതികൾ യോഗിയുടെ വാക്കുകൾ ആവേശത്തോടെ സ്വീകരിക്കുന്ന കാഴ്ച്ചയായിരുന്നു. ഗ്രേറ്റര്‍ നോയിഡയിലെ ബിസാരയില്‍ നടന്ന പ്രചരണ പരിപാടിയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 55കാരനായ അഖ്ലാകിനെ വകവരുത്തിയതും ബിസാരയിലെ ദാദ്രിയിലായിരുന്നു.
‘ബിസാരയില്‍ എന്തു സംഭവിച്ചു എന്ന് ആര്‍ക്കാണ് ഓര്‍മയില്ലാത്തത്. നമ്മുടെ വികാരത്തെ പിടിച്ചു കെട്ടാനാണ് എസ്.പി അടക്കമുള്ള പാര്‍ട്ടികള്‍ ശ്രമിച്ചത്’. ഉത്തർപ്രദേശിലൂടെ കാളവണ്ടിയില്‍ യാത്ര ചെയ്യുന്ന ഒരാള്‍ ഒരു പുകയില കടയിലോ ചായക്കടിയലോ ഇറങ്ങിയാല്‍ അയാളുടെ കാളകൾ മോഷണം പോവുമായിരുന്നു. നമ്മള്‍ അധികാരത്തിലെത്തിയതിന് ശേഷം, അനധികൃത ഗോശാലകളെല്ലാം നിരോധിച്ചു’ -യോഗി പറഞ്ഞു. ബി.ജെ.പിയുടെ ഗൗതം ബുദ്ധ നഗര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയതായിരുന്നു യോഗി.
മുഖ്യപ്രതി വിശാൽ റാണയെ കൂടാതെ മറ്റ് പ്രതികളായ 19 പേരും ചടങ്ങിലുണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ എല്ലാവരും ബിസാരയിൽ തന്നെയാണ് ജീവിക്കുന്നത്. എന്നാല്‍ സംഭവത്തിന് പിന്നാലെ അഖ്‌ലാഖിന്റെ കുടുംബം ഇവിടെ നിന്ന് മാറി താമസിച്ചിരുന്നു.
പ്രതികള്‍ക്ക് ബി.ജെ.പി. നേതാക്കള്‍ ഇടപെട്ട് ജോലിനല്‍കിയത് വാർത്തയായിരുന്നു. കേസിലെ 15 പ്രതികള്‍ക്കാണ് സ്ഥലം എം.എല്‍.എ. ആയ ബി.ജെ.പി നേതാവിൻെറ ശിപാര്‍ശയില്‍ എന്‍.ടി.പി.സി.യുടെ താപനിലയത്തില്‍ കരാര്‍ നിയമനം ലഭിച്ചത്.
വിശാലിനെതിരെ കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കേസിൻെറ അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല. അടുത്ത വാദം കേള്‍ക്കല്‍ ഏപ്രില്‍ 10നാണ്. 2017ലാണ് വിശാലിന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.