ഞാൻ കൊല്ലപ്പെട്ടാൽ ഉത്തരവാദി നളിൻ കുമാർ കട്ടീൽ എം.പിയാണെന്ന് ഹിന്ദു ജാഗരൺ നേതാവ്

മംഗളൂരു: ഞാൻ കൊല്ലപ്പെട്ടാൽ ബി.ജെ.പി കർണാടക സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എം.പിക്കാവും അതിന്റെ ഉത്തരവാദിത്തമെന്ന് ദക്ഷിണ കന്നട ജില്ല ഹിന്ദു ജാഗരൺ ഫോറം സെക്രട്ടറി സത്യജിത് സൂറത്ത്കൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തനിക്ക് സർക്കാർ ഏർപ്പെടുത്തിയ സുരക്ഷ സംവിധാനം എടുത്തുകളഞ്ഞതിന് പിന്നിൽ കട്ടീൽ ആണെന്ന് അദ്ദേഹം ആരോപിച്ചു.

ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2006മുതൽ തനിക്കൊപ്പം ഗൺമാൻ ഉണ്ടായിരുന്നു.ആ കാവലാണ് നിയമസഭ തെരഞ്ഞെടുപ്പിന്റെ കാര്യം ചൂണ്ടിക്കാട്ടി ഈ മാസം ഇല്ലാതാക്കിയത്. ഈ വിഷയം ആഭ്യന്തര മന്ത്രിയുടേയും കേന്ദ്ര മന്ത്രി ശോഭ കാറന്ത്ലാജെയുടേയും ശ്രദ്ധയിൽപെടുത്തിയതായി സത്യജിത് പറഞ്ഞു. `എനിക്ക് ജീവഹാനി സംഭവിച്ചാൽ നളിൻകുമാർ കട്ടീലിനും അദ്ദേഹത്തിന്റെ സംഘത്തിനുമാവും പൂർണ ഉത്തരവാദിത്തം'-അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് അധികൃതരിൽ നിന്ന് ലഭിച്ച കത്തിൽ പറയുന്നത് സുരക്ഷ സംവിധാനങ്ങൾ പിൻവലിക്കുന്നു, ആവശ്യമെങ്കിൽ പണം നൽകി അത് തുടരാം എന്നാണ്. പണം കൊടുത്ത് അങ്ങിനെ ചെയ്യാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് സത്യജിത് പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ജില്ല ജാഗരണ വേദി നേതാക്കളായ രവിരാജ് ബി.സി.റോഡ്,കെ.നാഗേഷ് എന്നിവരും സംബന്ധിച്ചു.

Tags:    
News Summary - Dakshina Kannada District Hindu Jagaran Forum Secretary Satyajit Suratkal press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.