"യോഗ്യതയുണ്ടായിട്ടും സ്‌പോർട്‌സ് ക്വാട്ട സീറ്റ് നിഷേധിച്ചു"; സർക്കാർ 10 ലക്ഷം നഷ്ടപരിഹാരം നൽകണം -കർണാടക ഹൈകോടതി

ബംഗളൂരു: രാജ്യാന്തര ചെസ് താരം സഞ്ജന രഘുനാഥിന് സർക്കാർ മെഡിക്കൽ കോളജിൽ സ്‌പോർട്‌സ് ക്വാട്ടയിൽ സീറ്റ് നിഷേധിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കർണാടക ഹൈകോടതി.

സ്‌പോർട്‌സ് ക്വാട്ടയിൽ രഘുനാഥിന് സീറ്റ് നിഷേധിച്ചതിലും സ്വകാര്യ സീറ്റിൽ പ്രവേശനം നടത്താൻ നിർബന്ധിച്ചതിലും സ്വേച്ഛാപരമായാണ് സംസ്ഥാനം പെരുമാറിയതെന്ന് ചീഫ് ജസ്‌റ്റിസ് എൻ. വി. അഞ്ജാരിയ, ജസ്‌റ്റിസ് കെ. വി. അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. സംസ്ഥാനം സഞ്ജന രഘുനാഥിനെ വളരെയധികം ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും അതിനാൽ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണെന്നും കോടതി വ്യക്തമാക്കി.

2018ലെ ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പും കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പും ഉൾപ്പെടെ നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത സഞ്ജന 2023 ജൂണിൽ കർണാടക എക്സാമിനേഷൻ അതോറിറ്റി (കെ.ഇ.എ) പുറപ്പെടുവിച്ച സർക്കുലറിനെ ചോദ്യം ചെയ്തുകൊണ്ടാണ് കോടതിയെ സമീപിച്ചത്.

ഒരു പ്രത്യേക കാലയളവിന് മുമ്പോ ശേഷമോ ഉള്ള പ്രകടനങ്ങളും അംഗീകാരങ്ങളും 2024-ൽ ആരംഭിച്ച അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപ്രസക്തമാണെന്ന് സർക്കുലറിൽ പറയുന്നു. സഞ്ജന പങ്കെടുത്ത് വിജയിച്ച ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പ് 2018 ഏപ്രിലിലാണ് നടന്നതെന്നും സർക്കുലറിൽ പറഞ്ഞിരിക്കുന്ന സമയപരിധിക്കുള്ളിലല്ലെന്നും കെ.ഇ.എയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

സഞ്ജന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് മികച്ച റാങ്ക് നേടിയെങ്കിലും, സ്‌പോർട്‌സിന് സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശന അപേക്ഷ കെ.ഇ.എ നിരസിക്കുകയായിരുന്നു.

Tags:    
News Summary - Why Karnataka High Court directed State to pay ₹10 lakh compensation to chess player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.