ശ്രീനഗർ: ടിബറ്റൻ ആത്മീയനേതാവ് ദലൈലാമ ലഡാക്ക് സന്ദർശിക്കുന്നു. ജമ്മുകശ്മീർ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷം ദലൈലാമ നടത്തുന്ന ആദ്യ സന്ദർശനമാണിത്. 2019ലായിരുന്നു ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി സർക്കാർ വിഭജിച്ചത്.
ദലൈലാമയുടെ സന്ദർശനം ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും ഇന്ത്യൻ സൈന്യവും തമ്മിലുളള പ്രശ്നങ്ങൾ അതിർത്തിയിൽ വീണ്ടും വഷളാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സന്ദർശനത്തിന് മുന്നോടിയായി ചൈനക്ക് വ്യക്തമായ സന്ദേശവും ദലൈലാമ നൽകിയിട്ടുണ്ട്.
ചൈനയിൽ നിന്നും ടിബറ്റിന്റെ പൂർണമായ സ്വാതന്ത്ര്യമല്ല താൻ പ്രതീക്ഷിക്കുന്നത്. എന്നാൽ, ചൈനയുടെ സ്വയംഭരണത്തിന് കീഴിൽ ടിബറ്റൻ ബുദ്ധ സംസ്കാരം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോഴും ചൈനയിൽ നിന്നുള്ള ചിലർ തന്നെ വിഘടനവാദി നേതാവായാണ് കാണുന്നതെന്നും ദലൈലാമ പറഞ്ഞു.
വ്യാഴാഴ്ചയാണ് ദലൈലാമ ജമ്മുകശ്മീരിലെത്തിയത്. വെള്ളിയാഴ്ച അദ്ദേഹം ലഡാക്കിലേക്ക് പോകും. ഒരു മാസത്തോളം ലാമ ലഡാക്കിൽ താമസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.