നാഗർകോവിൽ: തമിഴ്നാട് നാഗർകോവിലിനടുത്ത് ദലിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 27 വയസുള്ള സുരേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുരേഷിനെ കൊലപ്പെടുത്തിയതാണെന്നും ദുരഭിമാന കൊലയാണ് നടന്നതെന്നും കുടുംബം ആരോപിച്ചു. അതേസമയം, ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഉയർന്ന ജാതിയിലെ യുവതിയുമായി പ്രണയത്തിലായ സുരേഷിനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബം പരാതി നൽകിയിട്ടുള്ളതായും പുതുപാണ്ടി പൊലീസ് അറിയിച്ചു.
കോളജിൽ പഠിക്കുന്ന കാലത്ത് തങ്ങളെക്കാൾ ഉയർന്ന ജാതിയിലുള്ള യുവതിയുമായി സുരേഷ് പ്രണയത്തിലാവുകയും ഇത് അറിഞ്ഞ യുവതിയുടെ കുടുംബം താഴ്ന്ന ജാതിയിൽപ്പെട്ട സുരേഷുമായുള്ള ബന്ധം സമ്മതിക്കാതിരിക്കുകയുമായിരുന്നു എന്ന് സുരേഷിന്‍റെ സഹോദരൻ സുമൻ പുതുപാണ്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സെപ്തംബർ 18ന് അഭിഭാഷകന്‍റെ നേതൃത്വത്തിൽ സുമനും യുവതിയുടെ കുടുംബവുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ചർച്ചയിൽ സുരേഷ് തങ്ങളെക്കാൾ താഴ്ന്ന ജാതിയിൽ ഉൾപ്പെട്ടയാളാണെന്നും അതുകൊണ്ട് ബന്ധം നടക്കില്ലെന്നും യുവതിയുടെ കുടുംബം തീർത്തു പറഞ്ഞു. ചർച്ച കഴിഞ്ഞ് ഒരുമാസത്തിന് ശേഷവും യുവതിയുടെ സഹോദരങ്ങൾ സുരേഷിനെ ഭീഷണിപ്പെടുത്തിയിരുന്നതാതായും സുമൻ പറഞ്ഞു.
നവംബർ ഏഴിന് കാട്ടുപുത്തൂർ സ്വദേശിയായ ഒരാൾ സുരേഷിനെതിരെ പൊലീസിൽ പരാതി നൽകിയെന്ന് പറഞ്ഞ് പൊലീസും യുവതിയുടെ സഹോദരങ്ങളും വീട്ടിലെത്തിയെന്നും പൊലീസ് സ്റ്റേഷനിലേക്ക് സുരേഷിനെ വിളപ്പിച്ചതായും സുമൻ പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ട സുരേഷ് വൈകിട്ട് അഞ്ച് മണിയായിട്ടും വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ റോഡ് സൈഡിൽ ബൈക്ക് കണ്ടെത്തുകയും അതിനു സമീപത്ത് പരിക്കേറ്റ് അവശനിലയിലായ സുരേഷിനെയും കണ്ടെത്തുകയായിരുന്നു. സുരേഷിനെ കണ്ടെത്തുമ്പോൾ കഴുത്തിലും പുറകിലും നിലത്തിട്ട് വലിച്ചതുപോലെയുള്ള അടയാളങ്ങൾ ഉണ്ടായിരുന്നതായി സുമൻ പറഞ്ഞു.
പരിക്കേറ്റ സുരേഷിനെ നാല് സ്വകാര്യ ആശുപത്രികൾ പ്രവേശിപ്പിക്കാൻ തയ്യാറായില്ല. ഗവൺമെൻറ് മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത്. അതേസമയം സുരേഷ് സ്റ്റേഷനിൽ എത്തിയില്ലെന്ന് പൊലീസ് അറിയിച്ചു. മരണശേഷവും യുവതിയുടെ സഹോദരങ്ങൾ വീണ്ടും
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് സുരേഷിന്‍റെ കുടുംബം വ്യക്തമാക്കി. യുവതിയുടെ കുടുംബത്തിന് രാഷ്ട്രിയ പിന്തുണയുണ്ടെന്നും കുടുംബം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.