ബീഫുമായി പോയ ദലിത് സ്ത്രീയെ ബസ്സിൽനിന്ന് ഇറക്കിവിട്ടു; ഡ്രൈവർക്കും കണ്ടക്ടർക്കും സസ്​പെൻഷൻ

ധർമ്മപുരി: ബീഫ് കൊണ്ടുപോയി എന്നാരോപിച്ച് 59 കാരിയായ ദലിത് സ്ത്രീയെ ബസിൽനിന്ന് ഇറക്കിവിട്ട ഡ്രൈവറെയും കണ്ടക്ടറെയും തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ ഹരൂർ-കൃഷ്ണഗിരി ബസിലാണ് സംഭവം.

ധർമപുരി മൊറപ്പൂർ നവലൈ സ്വദേശിനിയായ പാഞ്ചലൈ എന്ന യാത്രക്കാരിക്കാണ് ദുരനുഭവം നേരിട്ടത്. പട്ടികജാതിക്കാരിയായ സ്ത്രീ ഹരൂരിൽ നിന്ന് ബീഫ് വാങ്ങി സ്വന്തം നാടായ നവലൈയിൽ വിൽപന നടത്താൻ കൊണ്ടുപോവുകയായിരുന്നു. ഇതിലൂടെയാണ് ഇവർ ഉപജീവനം നടത്തിയിരുന്നത്. കൈവശമുള്ളത് ബീഫ് ആണെന്നറിഞ്ഞതോടെ ഡ്രൈവറും കണ്ടക്ടറും കൂടി യാത്രാമധ്യേ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലത്ത് പാഞ്ചലൈയെ ഇറക്കിവിടുകയായിരുന്നു.

യാത്രക്കാർ ആരും പരാതി പറയുകയോ എതിർക്കുകയോ ചെയ്യാതെ ബസ് ജീവനക്കാർ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവരെ പുറത്താക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉച്ചയ്ക്ക് 12.20ഓടെ പെട്ടെന്ന് ബസ് നിർത്തി സ്ത്രീയോട് ഇറങ്ങാൻ കണ്ടക്ടർ നിർബന്ധിക്കുകയായിരുന്നു. അടുത്ത ബസ് സ്റ്റാൻഡ് വരെയെങ്കിലും യാത്ര ചെയ്യാൻ അനുവദിക്കണമെന്നും താൻ അവിടെ ഇറങ്ങിക്കൊള്ളാമെന്നും പാഞ്ചലൈ പറഞ്ഞുനോക്കിയെങ്കിലും ഡ്രൈവറും കണ്ടക്ടറും ചെവിക്കൊണ്ടില്ല. ഇവ​രെ ഇറക്കിവിട്ട മൊറപ്പൂരിൽ വിവരമറിഞ്ഞ് ആളുകൾ സംഘടിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

വൈകീട്ട് ഈ ബസ് മൊറപ്പൂർ ബസ് സ്റ്റാൻഡിൽ നിർത്തിയപ്പോൾ ജീവനക്കാരെ നാട്ടുകാർ ചോദ്യം ചെയ്തു. ഡ്രൈവറും കണ്ടക്ടറും ദലിത് വിവേചനം കാണിച്ചെന്ന് മൊറപ്പൂർ നിവാസികൾ ആരോപിച്ചു. തുടർന്ന് ഹരൂരിൽ നിന്നുള്ള ടി.എൻ.എസ്.ടി.സി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി.

ഡ്രൈവർ എൻ. ശശികുമാറിനെയും കണ്ടക്ടർ കെ. രഘുവിനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ടി.എൻ.എസ്.ടി.സി ധർമപുരി സോൺ മാനേജിങ് ഡയറക്ടർ എസ്. പൊൻമുടി പറഞ്ഞു. പരാതികളോ സംശയാസ്പദമായ പെരുമാറ്റമോ ഉണ്ടാവാതിരിക്കെ, ലഗേജിൽ എന്താണുള്ളതെന്ന് പരിശോധിക്കാൻ ജീവനക്കാർക്ക് അധികാരമി​ല്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, സുരക്ഷപോലും പരിഗണിക്കാതെയാണ് പ്രായമായ യാത്രക്കാരിയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ഇറക്കിവിട്ടതെന്നും ഗൗരവമായ ഈ വിഷയത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 

Tags:    
News Summary - Dalit woman forced to get off a bus in Tamil Nadu for carrying beef

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.