ന്യൂഡൽഹി: അണക്കെട്ടുകളുടെ സുരക്ഷിതത്വം, മേൽനോട്ട ചുമതല തുടങ്ങിയ വിഷയങ്ങളിൽ രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷപരമായ മേൽനോട്ട ചുമതല ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക്. ഇതടക്കമുള്ള വ്യവസ്ഥകൾ മുന്നോട്ടുവെക്കുന്ന ഡാം സുരക്ഷ ബിൽ-2018 കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിെൻറ സുരക്ഷ, പരിപാലനം എന്നിവ കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കവിഷയമായി തുടരുന്ന പശ്ചാത്തലത്തിൽ, കേന്ദ്രം കൊണ്ടുവരുന്ന ബിൽ രണ്ടു സംസ്ഥാനങ്ങൾക്കും നിർണായകമാണ്. ഡാം സുരക്ഷക്ക് ദേശീയതലത്തിൽ നിയമനിർമാണം നടത്തുന്നത് ഫെഡറൽ അവകാശങ്ങളുടെ ലംഘനമാണെന്ന് നേരത്തെ തമിഴ്നാട് കേന്ദ്രത്തെ അറിയിച്ചിരുന്നു.
ഡാം സുരക്ഷ ബില്ലിലെ വ്യവസ്ഥ പ്രകാരം ദേശീയതലത്തിൽ ഡാം സുരക്ഷ സമിതി, ഡാം സുരക്ഷ അതോറിറ്റി എന്നിവ രൂപവത്കരിക്കും. സംസ്ഥാനങ്ങളിലും ഡാം സുരക്ഷ സ്ഥാപനങ്ങൾക്ക് രൂപം നൽകണം. അണക്കെട്ടുകളുടെ കാര്യത്തിൽ നയപരവും സാേങ്കതികവുമായ ഉപദേശ നിർദേശങ്ങൾ സുരക്ഷസമിതി നൽകും. അതേസമയം, കൂടുതൽ വിപുലമായ അധികാരങ്ങൾ സുരക്ഷ അതോറിറ്റിക്ക് നൽകിയിട്ടുണ്ട്. അണക്കെട്ടിെൻറ സുരക്ഷ ഉടമയുടെ ഉത്തരവാദിത്തമാണ്. ഒരു സംസ്ഥാനത്തിെൻറ അണക്കെട്ട് മറ്റൊരു സംസ്ഥാനത്തിെൻറ ഭൂപ്രദേശത്താണെങ്കിൽ, സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഒഴിവാക്കാൻ ഡാം സുരക്ഷ സ്ഥാപനമെന്ന ഉത്തരവാദിത്തം ദേശീയ അതോറിറ്റി മുഖേന നിർവഹിക്കാമെന്ന് ബില്ലിൽ പറയുന്നു.
മുല്ലപ്പെരിയാർ ഡാമുമായി ബന്ധെപ്പട്ട കേരള, തമിഴ്നാട് തർക്കത്തിലേക്ക് പുതിയ നിയമനിർമാണം പ്രധാനമായും കടന്നുവരുന്നത് ഇവിടെയാണ്. രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള പരിഹരിക്കപ്പെടാത്ത തർക്കങ്ങൾ പരിശോധിച്ച് ഉചിതമായ പരിഹാരം മുന്നോട്ടുവെക്കാൻ അതോറിറ്റിക്ക് അധികാരമുണ്ട്. പുതിയ അണക്കെട്ടുകളുടെ നിർമാണം, രൂപകൽപന, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ നടത്താൻ യോഗ്യമെന്ന് കാണുന്ന സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുന്നതും അതോറിറ്റിയായിരിക്കും. രാജ്യത്ത് 5200 അണക്കെട്ടുകളുണ്ട്. 450ഒാളം ചെറുതും വലുതുമായ ഡാമുകൾ നിർമാണ ഘട്ടത്തിലാണ്. അവയുടെ സുരക്ഷക്ക് ഏകീകൃത നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് പുതിയ നിയമനിർമാണം സഹായകമാവുമെന്ന് മന്ത്രി പീയുഷ് ഗോയൽ മന്ത്രിസഭ യോഗത്തിനുശേഷം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.