ന്യൂഡൽഹി: സർക്കാർ വിരുദ്ധ അഭിപ്രായ പ്രകടനത്തിന് അധികൃതരുടെ സമ്മർദങ്ങളിൽ മനംമടുത്ത് പ്രമുഖ പണ്ഡിതരും ബുദ്ധിജീവികളുമായ പ്രതാപ് ബാനു മേത്ത, അരവിന്ദ് സുബ്രമണ്യം എന്നിവർ രാജിവെച്ച സംഭവത്തിൽ മാനേജ്മെന്റിനെതിരെ ഇന്ത്യക്കു പുറത്തും കടുത്ത പ്രതിഷേധം. ലോകത്തെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ കൊളംബിയ, യേൽ, ഹാർവഡ്, പ്രിൻസ്ടൺ, ഓക്സ്ഫഡ്, കാംബ്രിജ് യൂനിവേഴ്സിറ്റികളിൽനിന്നുൾപെടെ 150ഓളം പ്രമുഖരാണ് തുറന്ന കത്തെഴുതിയത്.
സ്ഥാപനവുമായി സഹകരണം രാഷ്ട്രീയ ബാധ്യത കൂടിയാണെന്ന് ഇതുവഴി സ്ഥാപകർ തെളിയിച്ചതായും അക്കാദമിക സ്വാതന്ത്ര്യത്തിനു മേൽ അപകടകരമായ ആക്രമണമാണിതെന്നും കത്ത് ചൂണ്ടിക്കാട്ടി. '
പ്രതാപ് ഭാനു മേത്ത മാർച്ച് 16നാണ് അശോക യൂനിവേഴ്സിറ്റി പ്രഫസർ പദവി രാജിവെച്ചത്. മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യൻ രാജിവെച്ച് രണ്ടു ദിവസത്തിനിടെയായിരുന്നു അപ്രതീക്ഷിത നീക്കം. സ്ഥാപനത്തിന്റെ യശസ്സു കാത്ത രണ്ട് പ്രമുഖർ ഒന്നിച്ച് രാജി വെച്ചതോടെ പ്രഫസർമാരും പണ്ഡിതരുമുൾപെടെ സമൂഹ മാധ്യമങ്ങളിൽ സ്ഥാപനത്തിന്റെ ട്രസ്റ്റിമാർ, മാനേജ്മെന്റ് എന്നിവക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇരുവിഭാഗത്തിന്‍റെയും കടുത്ത അസഹിഷ്ണുതയും നട്ടെല്ലില്ലായ്മയുമാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് വിമർശനം. റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനും രാജിയിൽ നടുക്കം രേഖപ്പെടുത്തി.
'അശോക വിടാൻ സമയമായെന്ന്' പറഞ്ഞായിരുന്നു പ്രതാപ് ഭാനു മേത്തയുടെ രാജി. 2019 ജൂലൈയിൽ സ്ഥാപനത്തിന്റെ വൈസ് ചാൻസ്ലർ പദവി അദ്ദേഹം രാജിവെച്ചിരുന്നു. ''സ്ഥാപകരുമായി സംസാരിച്ചതിനൊടുവിൽ യൂനിവേഴ്സിറ്റിയുമായി സഹകരണം രാഷ്ട്രീയ ബാധ്യത കൂടിയാണെന്ന് ബോധ്യമായി. സ്വാതന്ത്ര്യവും എല്ലാപൗരന്മാരോടും തുല്യ ബഹുമാനവും ഉറപ്പുനൽകുന്ന ഭരണഘടന മൂല്യങ്ങളെ ആദരിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തിന് പിന്തുണ നൽകിയുള്ള രചനകൾ യൂനിവേഴ്സിറ്റിക്ക് അപകടമാണെന്നാണ് മനസ്സിലാക്കുന്നത്. യൂനിവേഴ്സിറ്റി താൽപര്യം മാനിച്ച് ഞാൻ രാജി നൽകുകയാണ്''- കത്തിൽ പറയുന്നു.
ലിബറൽ ആർട്സിന് മാത്രമായുള്ള, പൂർണമായും സ്വകാര്യ ഫണ്ടിങ്ങിൽ നടക്കുന്ന സ്ഥാപനമാണ് അശോക വാഴ്സിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.