ന്യൂഡൽഹി: ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കെതിരെയുള്ള അകമത്തെ ന്യായീകരിച്ചുകൊണ്ട് രജ്പുത് കർണി സേനാ സ്ഥാപകൻ ലോകേന്ദ്ര സിങ് കൽവി. കൈയേറ്റത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സേനാ തലവൻ വിചിത്ര വാദങ്ങളുമായി രംഗത്തെത്തിയത്. തങ്ങളുടെ പൂർവീകരുടെ ചരിത്രം വളച്ചൊടിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയും അദ്ദേഹം മുഴക്കിയിട്ടുണ്ട്. രജപുത്രരുടെ പാരമ്പര്യത്തെ അപകീർത്തിപ്പെടുത്തുന്ന എന്തിനെയും തങ്ങൾ തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദീപിക പദുകോണും രൺവീർ കപൂറും വേഷമിടുന്ന സഞ്ജയ് ലീല ബൻസാലിയുടെ സിനിമ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് വെള്ളിയാഴ്ച ജയ്പൂരിൽ രജ്പുത് കർണി സേനാ പ്രവർത്തകർ സംവിധായകനെ ആക്രമിക്കുകയും ഷൂട്ടിങ് സെറ്റും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഷൂട്ടിങ് മുംബൈയിലേക്ക് മാറ്റുകയാണെന്ന് സംവിധായാകൻ അറിയി്ചചിരുന്നു.
പാരമ്പര്യത്തേയും ചരിത്രത്തേയും ബഹുമാനിക്കാത്തവരെ കാത്തിരിക്കുന്നത് ദുർവിധിയാണെന്നും ജയ്പൂരിൽ സംസാരിക്കവെ കൽവി വ്യക്തമാക്കി.
ചിറ്റോർഗഡ് കോട്ട ആക്രമിച്ച അലാവുദീൻ ഖിൽജിക്ക് കീഴടങ്ങുന്നതിനേക്കാൾ ഭേദം സ്വന്തം ജീവൻ പരിത്യജിക്കുകയാണെന്ന നിലപാടെടുത്ത രജ്ഞിയാണ് പത്മിനി. ഹിറ്റ്ലർക്കെതിരെയുള്ള സിനിമയുമായി ജർമനിയിലേക്ക് പോകാൻ ബൻസാലിക്ക് ധൈര്യമുണ്ടോ? ജോധ അക്ബർ എന്ന സിനിമയിൽ തങ്ങളുടെ രക്തത്തെ അപമാനിക്കുന്നതിനെതിരെയും തനിക്ക് പ്രതിഷേധമുണ്ടായിരുന്നുവെന്നും കൽവി പറഞ്ഞു.
തങ്ങളുടെ പൈതൃക പ്രതീകങ്ങളെ അപമാനിക്കുന്ന അശ്ളീലപ്രവൃത്തി രജപുത്രരുടെ നാട്ടിൽ അനുവദിക്കാനാകില്ലെന്നും അനുമതിയില്ലാതെയാണ് ബൻസാലി ചിത്രീകരണം നടത്തിയതെന്നും കൽവി ആരോപിച്ചു.
നിയമം കയ്യിലെടുക്കാൻ ആരേയും അനുവദിക്കില്ലെന്നും ബൻസാലിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് സിങ് കതാരിയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.