ഇംഫാൽ: മണിപ്പൂരിലെ ജിരിബാമിൽ മെയ്തി, ഹമർ സമുദായങ്ങൾ തമ്മിലുണ്ടാക്കിയ സമാധാന ധാരണയുടെ ചൂടാറുംമുമ്പ് സംഘർഷം. വെള്ളിയാഴ്ച രാത്രി ലാൽപാനി ഗ്രാമത്തിലെ ആളൊഴിഞ്ഞ വീട് ആക്രമികൾ കത്തിച്ചു. മെയ്തി വിഭാഗം കൂടുതലായി താമസിക്കുന്ന പ്രദേശമാണിത്. സംഘർഷമുണ്ടായ മാസങ്ങളിൽ ഇവിടത്തെ മിക്ക താമസക്കാരും വീടുകൾ ഒഴിഞ്ഞുപോയിരുന്നു. പുതിയ ആക്രമണത്തിന് പിന്നിലാരെന്ന് വ്യക്തമല്ല.
സുരക്ഷ ഇളവ് മുതലെടുത്തതാണെന്ന് പൊലീസ് കരുതുന്നു. ഗ്രാമത്തിലിറങ്ങിയ സായുധസംഘം പലതവണ വെടിവെപ്പും നടത്തി. ആക്രമണം റിപ്പോർട്ട് ചെയ്തതോടെ ഇവിടേക്ക് സുരക്ഷാസേന കുതിച്ചെത്തി. വ്യാഴാഴ്ചയാണ് അസമിലെ സി.ആർ.പി.എഫ് ക്യാമ്പിൽ മെയ്തി, ഹമർ സമുദായ നേതാക്കൾ യോഗം ചേർന്നത്. ഇതിൽ ജിരിബാം ജില്ല ഭരണാധികാരികളും അസം റൈഫിൾസ്, സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ജില്ലയിലെ മറ്റു ചില സമുദായ നേതാക്കളും സംബന്ധിച്ചു.
കൊള്ള, തീവെപ്പ്, വെടിവെപ്പ് പോലുള്ള സംഭവങ്ങൾ തടയാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ശ്രമങ്ങളുണ്ടാകുമെന്ന് ഇരുപക്ഷവും സമ്മതിച്ചിരുന്നു. സുരക്ഷാസേനയുമായി പൂർണമായി സഹകരിക്കുമെന്നും അവർ വ്യക്തമാക്കി. പങ്കെടുത്ത എല്ലാ വിഭാഗവും ഒപ്പിട്ട സംയുക്ത പ്രസ്താവനയും പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.