ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങൾ ഇന്നും നിലനിൽക്കുന്നതിന് ദൈവത്തിന് നന്ദി -റോഷിങ്ടൻ നരിമാൻ

ന്യൂഡൽഹി: ജഡ്ജി നിയമനത്തിനുള്ള കൊളീജിയം സമ്പ്രദായത്തിനെതിരെ പരാമർശം നടത്തിയ ​കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിനെതിരെ പൊതു പരിപാടിയിൽ രൂക്ഷ വിമർശനവുമായി മുൻ ജഡ്ജി രോഹിങ്ടൻ ഫാലി നരിമാൻ. ജുഡീഷ്യറിയെക്കുറിച്ച് റിജിജു നടത്തിയ പരാമർശങ്ങൾ അധിക്ഷേപകരമാണെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിൽ ഏഴാമത്തെ ചീഫ് ജസ്റ്റിസ് എം.സി ചഗ്‍ല സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു മുൻ സുപ്രീംകോടതി ജഡ്ജി.

ഭരണഘടനാ ബെഞ്ചിന്റെ വിധികൾ ശരിയായാലും തെറ്റായാലും അംഗീകരിക്കുക എന്നത് അധികാര കേന്ദ്രത്തിലിരിക്കുന്ന വ്യക്തി എന്ന നിലയിൽ റിജിജുവിന്റെ ബാധ്യതയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സാധാരണ പൗരൻമാർക്ക് വിധിയെ ചോദ്യം ചെയ്യാം. എന്നാൽ കിരൺ റിജിജു വിധി അനുസരിക്കാൻ ബാധ്യസ്ഥനാണ്- നരിമാൻ വ്യക്തമാക്കി.

മുൻ സുപ്രീംകോടതി ജഡ്ജിയും 2021 ആഗസ്റ്റിൽ കൊളീജിയം അംഗവുമായിരുന്നു രോഹിങ്ടൻ നരിമാൻ.

ഭരണഘടനയുടെ അടിസ്ഥാന തത്ത്വത്തെ ചോദ്യം ചെയ്ത ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെയും പേരെടുത്ത് പറയാതെ അദ്ദേഹം വിമർശിച്ചു.

കൊളീജിയത്തിൽ സർക്കാർ പ്രതിനിധികൾക്ക് കൂടുതൽ പങ്ക് വേണമെന്നാണ് കേന്ദ്ര സർക്കാറിന്റെ ആവശ്യം. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും കേന്ദ്ര നിലപാടിനെ പിന്തുണച്ചിരുന്നു. നാഷണൽ ജുഡീഷ്യൽ അപ്പോയ്‌മെന്റ്‌സ് കമ്മീഷൻ ആക്ട് പാർലമെന്റിന്റെ പരമാധികാരത്തിലെ വിട്ടുവീഴ്ചയാണ്.

1973ലെ കേശവാനന്ദ ഭാരതി കേസിൽ, പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാമെന്നും എന്നാൽ അതിന്റെ അടിസ്ഥാന ഘടന മാറ്റാനാകില്ലെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. അത് തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചുവെന്നായിരുന്നു ധൻകറിന്റെ പരാമർശം.

ഭരണഘടനയുടെ അടിസ്ഥാന തത്ത്വം എന്നെന്നും നിലനിൽക്കുമെന്നും അത് അങ്ങനെ നിലനിൽക്കുന്നതിന് ദൈവത്തിന് നന്ദിയെന്നും നരിമാൻ പറഞ്ഞു. കൊളീജിയം ശിപാർശ ചെയ്ത പേരുകളിൽ നിയമനം നടത്താതെ ആ ഫയലിൽ അടയിരിക്കുന്ന കേന്ദ്ര നയത്തിനെയും അദ്ദേഹം വിമർശിച്ചു. ഇത് ജനാധിപത്യത്തിന് നാശമാണ്. 30 ദിവസത്തിനുള്ളിൽ കേന്ദ്രം ഇത്തരം ഫയലുകളിൽ നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ ശിപാർശകൾ സ്വാഭാവികമായി അംഗീകരിച്ചതായി കണക്കാക്കും.

സ്വതന്ത്രരും നിർഭയരുമായ ജഡ്ജിമാരില്ലാത്ത ലോകം ഇരുണ്ട യുഗത്തിന്റെ തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - "Deadly For Democracy": Ex Supreme Court Judge Tears Into Law Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.