മുംബൈ: അജ്ഞാതരിൽനിന്ന് വധഭീഷണി നേരിടുന്ന ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാന് മുംബൈ പൊലീസ് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി. താരത്തിന്റെ സുരക്ഷക്കായി ആറ് സായുധ സേനാംഗങ്ങളെ സദാസമയവും നിയോഗിക്കും. നേരത്തെ രണ്ട് സായുധ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഷാറൂഖിനായി സുരക്ഷ ഒരുക്കിയിരുന്നത്. സമാനമായ രീതിയിൽ കഴിഞ്ഞ മാസവും താരത്തിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സൽമാൻ ഖാനെതിരെ വധഭീഷണി വന്നതിനു പിന്നാലെയാണ് സംഭവം. വധഭീഷണികൾക്കു പിന്നിൽ ലോറൻസ് ബിഷ്ണോയ് ഗ്യാങ് ആണെന്ന് പൊലീസ് പറയുന്നു.
വ്യാഴാഴ്ച രാവിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് കിങ് ഖാനെ വധിക്കാതിരിക്കാൻ 50 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡിലെ റായ്പുരിൽനിന്ന് ഫോൺകാൾ വന്നത്. റായ്പുർ സ്വദേശിയായ ഫൈസൻ ഖാൻ എന്നയാളുടെ ഫോണിൽനിന്നാണ് കോൾ വന്നതെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ തന്റെ ഫോൺ ഒരാഴ്ച മുമ്പ് കളവ് പോയെന്നും ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ കൂടിയായ ഫൈസൻ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ മുംബൈ പൊലീസ് ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് സൽമാനെ ലക്ഷ്യമിട്ട് ഭീഷണിപ്പെടുത്തിയ സംഘം മോചനദ്രവ്യമായി അഞ്ച് കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്നു തവണയാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. സൽമാനുമായി അടുത്ത ബന്ധമുണ്ടായിരുന്ന എൻ.സി.പി നേതാവ് ബാബാ സിദ്ദീഖിയുടെ വധത്തിനു പിന്നാലെയാണ് താരങ്ങളെ ലക്ഷ്യമിട്ട് ഭീഷണി സന്ദേശങ്ങൾ വ്യാപകമായത്.
ഷാരൂഖ് ഖാനെതിരെയുള്ള ഭീഷണി കോൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതിയെ കണ്ടെത്താനായി മുംബൈ പൊലീസിന്റെ ഒരു സംഘം റായ്പുരിലേക്ക് തിരിച്ചിട്ടുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുംബൈ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ബിഷ്ണോയ് സംഘവുമായി ഭീഷണി കോളിന് ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ സാധ്യത കൂടുതൽ അതിനാണെന്നും മുംബൈ പൊലീസ് കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.