കേന്ദ്രം വഴങ്ങി; രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കും

ന്യൂഡൽഹി: രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. രാജ്യദ്രോഹം ക്രിമിനൽ കുറ്റമാക്കിയ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124-എ വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഒരു കൂട്ടം ഹരജികൾ മുൻനിർത്തി നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാട് അറിയിച്ചത്.

നിയമം മാറ്റേണ്ട കാര്യമില്ലെന്നും ദുരുപയോഗം ഇല്ലാതാക്കാൻ മാർഗരേഖ കൊണ്ടുവന്നാൽ മതിയെന്നും സർക്കാർ അഭിഭാഷകൻ കഴിഞ്ഞ ദിവസവും സുപ്രീംകോടതിയിൽ ആവർത്തിച്ചതിനു പിന്നാലെയാണ് നാടകീയമായ നിലപാട് മാറ്റം. രാജ്യദ്രോഹ നിയമം വ്യാപകമായി ദുരുപയോഗിക്കുന്നതിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് എഡിറ്റേഴ്സ് ഗിൽഡ്, പീപ്ൾസ് യൂനിയൻ ഓഫ് സിവിൽ ലിബർട്ടീസ് തുടങ്ങിയ സംഘടനകളും നിരവധി മാധ്യമ, രാഷ്ട്രീയ പ്രവർത്തകരും നൽകിയ ഹരജികൾ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേയാണ് സുപ്രീംകോടതി നിർദേശ പ്രകാരം കേന്ദ്രം സത്യവാങ്മൂലം നൽകിയത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് മുൻനിർത്തിയാണ് രാജ്യദ്രോഹ നിയമത്തിലെ 124-എ വകുപ്പ് പുനരവലോകനം ചെയ്യാൻ തീരുമാനിച്ചതെന്ന് സർക്കാർ വിശദീകരിച്ചു. ഈ സാഹചര്യത്തിൽ കേസിന്റെ വാദം കേൾക്കൽ മാറ്റിവെക്കണം. രാജ്യത്തിന്റെ പരമാധികാരം നിലനിർത്തിക്കൊണ്ട് പൗരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന നിലപാടാണ് പ്രധാനമന്ത്രിക്കെന്ന് സത്യവാങ്മൂലം കൂട്ടിച്ചേർത്തു. ഭരണഘടനാപരമായി യോഗ്യമായൊരു സമിതി നിയമം പുനഃപരിശോധിക്കുന്നതുവരെ സുപ്രീംകോടതി കാത്തിരിക്കണം. നിയമത്തിനെതിരെ നൽകിയ ഹരജികൾക്കായി കോടതിയുടെ സമയം നീക്കിവെക്കേണ്ടതില്ല. കോളനിക്കാല വിഴുപ്പായി തുടരുന്ന നിരവധി പഴഞ്ചൻ നിയമങ്ങൾ സർക്കാർ പിൻവലിക്കുകയോ പൊളിച്ചെഴുതുകയോ ചെയ്തുവരുന്നുണ്ടെന്നും സർക്കാർ പറഞ്ഞു. 2014-15 മുതൽ 1500ൽപരം പഴഞ്ചൻ നിയമങ്ങൾ എടുത്തുകളഞ്ഞു. ഇതൊരു തുടർപ്രക്രിയയാണെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.

എന്നാൽ രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കുന്നതിനുള്ള സമയപരിധി എത്രയാണെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ല. ദുരുപയോഗിക്കപ്പെടുന്ന രാജ്യദ്രോഹ നിയമവ്യവസ്ഥകൾ എടുത്തുകളയുമെന്നും പറഞ്ഞിട്ടില്ല. ''124-എ വകുപ്പിനെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന വിഭാഗീയ സ്വഭാവമുള്ളതും സർക്കാറിനെ അസ്ഥിരപ്പെടുത്താൻ പോന്നതുമായ ഗുരുതര കുറ്റങ്ങൾ കൈകാര്യം ചെയ്യാൻ നിയമവ്യവസ്ഥ വേണമെന്ന കാഴ്ചപ്പാട് എല്ലാവർക്കുമുണ്ട്. അത് രാജ്യതാൽപര്യത്തിന് ആവശ്യമാണ്. എന്നാൽ നിയമത്തിൽ ഉദ്ദേശിച്ചിട്ടില്ലാത്തവിധം വ്യവസ്ഥകളും നിയമവും ദുരുപയോഗിക്കുന്നതിനെക്കുറിച്ചാണ് ഉത്കണ്ഠ'' -സർക്കാർ വ്യക്തമാക്കി.

അതേസമയം, നിലപാട് എഴുതി അറിയിക്കാൻ പലവട്ടം കോടതി ആവശ്യപ്പെട്ടെങ്കിലും ഏറെ കാലതാമസം വരുത്തിയതിനൊടുവിലാണ് സത്യവാങ്മൂലം. മഹാത്മഗാന്ധി അടക്കം സ്വാതന്ത്ര്യ സമര പ്രമുഖരെ ഒതുക്കാൻ ബ്രിട്ടീഷുകാർ ദുരുപയോഗിച്ച രാജ്യദ്രോഹ നിയമ വ്യവസ്ഥകൾ കേന്ദ്രസർക്കാർ എന്തുകൊണ്ടാണ് ഇനിയും പിൻവലിക്കാത്തതെന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് ചോദിച്ചിരുന്നു.

Tags:    
News Summary - Decision to review treason law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.