പാട്ന: ബിഹാറിലെ നളന്ദ ജില്ലയിലെ ആശുപത്രിയിൽ ഡോക്ടർ മരിച്ചെന്ന് വിധിയെഴുതിയയാൾ പോസ്റ്റുമോർട്ടത്തിന് ഒരുക്കുന്നതിനിടെ എഴുന്നേറ്റിരുന്നു. സംഭവിക്കുന്നത് എന്തെന്നറിയാതെ ഒപ്പമുണ്ടായിരുന്നവർ ആദ്യം ഭയന്നെങ്കിലും നടന്ന കാര്യം 'പരേതൻ' വിശദീകരിച്ചതോടെയാണ് സംഭവം വ്യക്തമായത്. നളന്ദയിലെ സദർ ആശുപത്രിയിലാണ് സംഭവം.
രാകേഷ് കേവത് എന്നയാളാണ് മരിച്ചതായി കരുതി പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയത്. സദർ ആശുപത്രിയിൽ കിടക്കുന്ന ബന്ധുവിനെ കാണാനാണ് രാകേഷ് എത്തിയത്. എന്നാൽ, മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ഇയാൾ. ആശുപത്രിയിലെ കുളിമുറിയിൽ കയറിയും ഇയാൾ മദ്യപിച്ചു. ഇതോടെ ബോധം കെട്ട് വീഴുകയും ചെയ്തു.
ആശുപത്രിയിലെ ശുചീകരണ ജീവനക്കാർ എത്തി വാതിലിൽ മുട്ടിയപ്പോൾ അകത്ത് നിന്ന് പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. മുട്ടുന്നത് താൻ കേട്ടിരുന്നുവെന്നും കൈകാലുകൾ അനക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നെന്നുമാണ് രാകേഷ് പിന്നീട് പറഞ്ഞത്. അകത്ത് നിന്ന് പ്രതികരണമില്ലാതായതോടെ ജീവനക്കാർ വാതിൽ തള്ളിത്തുറന്നു. വീണുകിടക്കുന്ന രാകേഷിനെയാണ് കണ്ടത്. ജീവനക്കാരുടെ പരിശോധനയിൽ ഇയാൾക്ക് ഒരു അനക്കവും ഉണ്ടായിരുന്നില്ല. ഇതോടെ പൊലീസിൽ അറിയിച്ചു. ഇയാൾ മരിച്ചതായി ജീവനക്കാർ നിഗമനത്തിലെത്തി. ആശുപത്രിയിലെ ഡോക്ടറെ സ്ഥലത്തെത്തിച്ചപ്പോൾ മരിച്ചതായി ഡോക്ടറും സ്ഥിരീകരിച്ചു.
പൊലീസിന്‍റെ ഫോറൻസിക് സംഘമെത്തി തെളിവുകൾക്കായി പരിശോധനയും നടത്തി. 'മൃതദേഹം' പോസ്റ്റുമോർട്ടത്തിന് ഒരുക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് 'പരേതൻ' കണ്ണുതുറന്നത്. തനിക്ക് ഒരു കുഴപ്പവുമില്ലെന്നും വെള്ളമടിച്ച് ഉറങ്ങിപ്പോയതാണെന്നും ഇയാൾ പറഞ്ഞതോടെയാണ് ചുറ്റുമുണ്ടായിരുന്നവർക്ക് ആശ്വാസമായത്.
പിന്നീട്, വിശദമായ പരിശോധനയിൽ രാകേഷിന് യാതൊരു ആരോഗ്യപ്രശ്നവുമില്ലെന്ന് കണ്ടെത്തി. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി വിശദമായ മൊഴി രേഖപ്പെടുത്തി.
മരിച്ചെന്ന് കരുതിയയാൾ എഴുന്നേറ്റ് വന്നതിനൊപ്പം, ഇയാൾ മരിച്ചതായി ആദ്യം ഡോക്ടർമാർ വിധിയെഴുതിയ സംഭവവും ചർച്ചയായിട്ടുണ്ട്. ഡോ. ജിതേന്ദ്രകുമാർ സിങ്ങ് എന്നയാളാണ് രാകേഷ് മരിച്ചതായി പറഞ്ഞതെന്നും നാഡിമിടിപ്പ് പോലും നോക്കാതെയാണ് മരിച്ചതായി വിധിയെഴുതിയതെന്നും ദൃക്സാക്ഷികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.