ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആഗസ്റ്റ് 23ന് അമേരിക്ക സന്ദർശിക്കും. വെള്ളിയാഴ്ച മുതൽ നാലുദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തോടനുബന്ധിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
31 എം.ക്യു-9ബി പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാനുള്ള ഇന്ത്യയുടെ പദ്ധതി രാജ് നാഥ് സിങ് കൂടിക്കാഴ്ചയിൽ ഉന്നയിക്കും. പ്രതിരോധ മേഖലയിൽ തദ്ദേശീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭേദഗതികളോടെയാണ് ഇന്ത്യൻ ഡിഫൻസ് അക്വസിഷൻ കൗൺസിൽ ഡ്രോണുകൾ വാങ്ങാനുള്ള അനുമതി നൽകിയിരിക്കുന്നത്. സ്ട്രൈക്കർ ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ചേർന്ന് പരിഗണിക്കുന്ന നിർദിഷ്ട പദ്ധതിക്കുപുറമെ ഇന്ത്യയിൽ ജി.ഇ. എഫ് 414 ജെറ്റ് എൻജിനുകൾ നിർമിക്കുന്നത് സംബന്ധിച്ച പദ്ധതിയും ഓസ്റ്റിനുമായി നടക്കുന്ന ചർച്ചയിൽ വിഷയമാവുമെന്ന് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയുടെ പുതുതലമുറ യുദ്ധ വിമാനങ്ങൾക്ക് ജി.ഇ.എഫ്414 ജെറ്റ് എൻജിനുകൾ കരുത്തുപകരുമെന്നാണ് കരുതുന്നത്. മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിനുശേഷം ഇതാദ്യമായാണ് രാജ്നാഥ് സിങ് അമേരിക്ക സന്ദർശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.