ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹരജികളിൽ ഭിന്നവിധികളുമായി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് നാല് വിധികൾ പുറപ്പെടുവിച്ചത്.
സ്പെഷ്യൽ മാരേജ് ആക്ടിലെ നാലാം വകുപ്പ് നിലനിൽക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ വിധിയിൽ ചൂണ്ടിക്കാട്ടി. സ്പെഷ്യൽ മാരേജ് ആക്ടിൽ മാറ്റം വേണോ എന്ന് പാർലമെന്‍റിന് തീരുമാനിക്കാം. പാർലമെന്‍റിന്‍റെ പരിധിയുള്ള വിഷയത്തിൽ കടന്നു കയറുന്നില്ലെന്നും വിധി ന്യായത്തിൽ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സ്വവർഗ ലൈംഗികത വരേണ്യ, നഗര സങ്കൽപമല്ല. സ്വവർഗാനുരാഗത്തിന് വരേണ്യ, വർഗ വ്യത്യാസമില്ല. നഗരത്തിൽ ജീവിക്കുന്നവർക്കും ഗ്രാമത്തിൽ ജീവിക്കുന്നവർക്കും സ്വവർഗാനുരാഗം ഉണ്ടാകാം. നഗരത്തിൽ ജീവിക്കുന്ന എല്ലാവരും സമ്പന്ന വിഭാഗമാണെന്ന് പറയാനാവില്ല. വിവാഹം എന്നത് മാറ്റങ്ങൾക്ക് വിധേയമല്ലാത്ത സങ്കൽപമല്ല. നിയമനിർമാണ സഭകൾ തന്നെ വിവാഹത്തിൽ പരിഷ്കാരങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. ഇഷ്ടമുള്ള ആളുടെ കൂടെ ജീവിക്കാൻ അവകാശമുണ്ടെന്നും തുല്യതയുടെ കാര്യമാണെന്നും ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.
ലിംഗവും ലൈംഗികതയും ഒന്നായിരിക്കണമെന്ന് എന്നില്ല. ഭിന്നലിംഗ ദമ്പതികൾ മാത്രമേ നല്ല മാതാപിതാക്കളാകൂ എന്ന് പറയാനാവില്ല. സ്വവർഗ പങ്കാളികൾക്കും കുട്ടികളെ ദത്തെടുക്കാം. സ്വവർഗ പങ്കാളികളോട് വിവേചനം പാടില്ല. സ്വവർഗ പങ്കാളികുടെ അവകാശവും മൗലികാവകാശത്തിൽ ഉൾപ്പെടുമെന്നും വിധി ന്യായത്തിൽ ഡി.വൈ. ചന്ദ്രചൂഡ് പറയുന്നു. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എസ്.ആർ. ഭട്ട്, ഹിമ കോഹ്ലി, പി.എസ്. നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.
അതേസമയം, സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകണമെന്ന ഹരജിക്കാരുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഇക്കാര്യം ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയെ ചീഫ് ജസ്റ്റിസ് അടക്കം രണ്ടു പേർ പിന്തുണച്ചപ്പോൾ മൂന്നു ജഡ്ജിമാർ വിയോജിച്ചു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് എസ്.കെ. കൗളുമാണ് സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകണമെന്ന നിലപാടിനെ പിന്തുണച്ചത്. എന്നാൽ, ജസ്റ്റിസുമാരായ എസ്.ആർ. ഭട്ട്, ഹിമ കോഹ്ലി, പി.എസ്. നരസിംഹ എന്നീ അഞ്ചംഗ ബെഞ്ചിലെ മറ്റംഗങ്ങൾ വിയോജിച്ചു.
സ്വവർഗാനുരാഗികൾ, ട്രാൻസ്ജെൻഡർ വ്യക്തികൾ, എൽ.ജി.ബി.ടി.ക്യു പ്ലസ് ആക്ടിവിസ്റ്റുകൾ, സംഘടനകൾ തുടങ്ങിയവർ നൽകിയ 20 ഹരജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകണമെന്നും ഹരജിയിൽ പറയുന്നു. ഏപ്രിൽ 18 മുതൽ വാദം കേൾക്കാൻ തുടങ്ങിയ കോടതി മേയ് 11ന് കേസ് വിധി പറയാനായി മാറ്റുകയായിരുന്നു.
സ്വവർഗവിവാഹത്തിന് നിയമപരവും സാമൂഹികവുമായ പദവി നൽകി തങ്ങളുടെ ബന്ധവും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് 18 സ്വവർഗ ദമ്പതികളാണ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം 'വിവാഹം' എന്നതില്‍ സ്വവര്‍ഗ ദമ്പതികളെ ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതിയോട് ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഏതൊരു ദമ്പതികളെയും പോലെ സാമ്പത്തിക, ബാങ്കിങ്, ഇന്‍ഷുറന്‍സ് വിഷയങ്ങളില്‍ 'പങ്കാളി' എന്ന പദവി നല്‍കുന്നത് എൽ.ജി.ബി.ടി ദമ്പതികള്‍ക്കും ഉറപ്പാക്കണം. അനന്തരാവകാശം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍, വാടക ഗര്‍ഭധാരണം എന്നിവ അടക്കമുള്ള കാര്യങ്ങളില്‍ തുല്യത വേണം. സ്‌പെഷ്യല്‍ മാര്യേജ് ആക്ട്, എസ്.എം.എ പ്രകാരമുള്ള 'വിവാഹ' രജിസ്‌ട്രേഷന്‍, ഫോറിനേഴ്സ് മാരേജ് ആക്ട് എന്നിവ പ്രകാരം പങ്കാളികളില്‍ ഒരാള്‍ വിദേശിയായാലും അർഹിക്കുന്ന അംഗീകാരം നല്‍കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ ഭരണഘടനയിലെ വ്യവസ്ഥകള്‍, യു.എന്‍ മനുഷ്യാവകാശ പ്രഖ്യാപനം, വിവേചനത്തിനെതിരായ അവകാശം, കൂടാതെ എൽ.ജി.ബി.ടി.ക്യു.ഐ.എ വ്യക്തികള്‍ക്ക് തുല്യാവകാശം നല്‍കുന്ന മറ്റ് രാജ്യങ്ങളില്‍ പാസാക്കിയ വിവിധ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും നിയമങ്ങളും തുടങ്ങി കാര്യങ്ങളും ഹരജിക്കാർ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.