ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മഴക്കെടുതിയിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 11 ആയി. ശനിയാഴ്ച വൈകീട്ടും ഞായറാഴ്ചയുമായി ആറുമരണങ്ങൾകൂടി സ്ഥിരീകരിച്ചതോടെയാണിത്. ശനിയാഴ്ച രാവിലെ പെയ്ത മഴയിലാണ് വസന്ത് വിഹാറിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ അടിത്തറ തകർന്നത്.
മണ്ണിലും വെള്ളത്തിലും കുടുങ്ങിയ മൂന്ന് തൊഴിലാളികളുടെ മരണമാണ് ആദ്യം സ്ഥിരീകരിച്ചത്. ഡൽഹി പൊലീസ്, അഗ്നിരക്ഷ സേന, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവരുടെ 28 മണിക്കൂർ നീണ്ട രക്ഷപ്രവർത്തനത്തിന് ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. ദയാറാം (45), സന്താഷ്(20), സന്തോഷ് യാദവ് (19) എന്നിവരാണ് അപകടത്തിൽ പെട്ടത്. ശനിയാഴ്ച സമയ്പുർ ബദ്ലിക്ക് സമീപമുള്ള സിരാസ്പുരിൽ രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ദക്ഷിണ ഡൽഹിയിലെ ഓഖ്ല അടിപ്പാതയിൽ കുമാർ ചൗധരി (60) എന്നയാളുടെ മൃതദേഹം കണ്ടെത്തി. വെള്ളത്തിനടിയിലായ അടിപ്പാതയിൽ കുടുങ്ങിയ നിലയിൽ ചൗധരിയുടെ സ്കൂട്ടർ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. രോഹിണിയിൽ ജോലി കഴിഞ്ഞ് മടങ്ങിയ യുവാവ് പൊട്ടിവീണുകിടന്ന വൈദ്യുതിലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചു. ഷാലിമാർബാഗിലും അടിപ്പാതയിലെ വെള്ളത്തിൽ കുടുങ്ങി ഒരാൾക്ക് ജീവൻ നഷ്ടമായി.
ചൊവ്വാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി) തലസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമാകാനും അധികൃതർ സാധ്യത പ്രവചിക്കുന്നു. വൈദ്യുതി ലൈനുകൾ പൊട്ടിക്കിടക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.