കേന്ദ്രം പുനഃപരിശോധനാ ഹരജി നൽകി; ഡൽഹി അധികാര തർക്കം വീണ്ടും കോടതിയിലേക്ക്

ന്യൂഡൽഹി: ഡൽഹിയിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾക്കും നിയമനങ്ങൾക്കും ഡൽഹി സർക്കാരിന് അധികാരമുണ്ടെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. വിഷയത്തിൽ കേന്ദ്ര സർക്കാരിന്‍റെ പ്രതിനിധിയായ ലഫ്റ്റനന്റ് ഗവർണർക്ക് പരമാധികാരം നൽകിക്കൊണ്ട് പുതിയ ഓർഡിനൻസ് ഇറക്കിയതിനുപിന്നാലെയാണ് പുനഃപരിശോധനാ ഹരജി നൽകിയത്.

അതേസമയം, കേന്ദ്രസർക്കാർ പാസാക്കിയ ഓർഡിനൻസിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാൻ അരവിന്ദ് കെജ്രിവാൾ സർക്കാർ തീരുമാനിച്ചു. പുതിയ ഓർഡിനൻസിനെ ഡൽഹി സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഡൽഹി സർക്കാരിന്റെ അഭിഭാഷകനായ അഭിഷേക് സിങ് വി മാധ്യമങ്ങളോട് പറഞ്ഞു.

ക്രമസമാധാനം, പൊലീസ്, ഭൂമി ഒഴികെയുള്ള വകുപ്പുകളിലെ സ്ഥലം മാറ്റത്തിലും നിയമനത്തിലും ഡൽഹി സർക്കാരിന് അധികാരങ്ങളുണ്ടെന്നു സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു. ഇത് മറി കടക്കാനാണ് കേന്ദ്രം പുതിയ ഉത്തരവ് ഇറക്കിയത്. സംസ്ഥാനത്തിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതും ലഫ്. ഗവർണർക്ക് പൂർണ അധികാരം നൽകുന്നതുമാണ് ഓർഡിനൻസ്.

മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് അതോറിറ്റിയിലെ അംഗങ്ങൾ. ഇവരുടെ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സ്ഥലംമാറ്റം, നിയമനം എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കാനാവൂ. അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം വന്നാൽ ലഫ്. ഗവർണർക്ക് അന്തിമ തീരുമാനമെടുക്കാമെന്നും ഓർഡിനൻസ് പറയുന്നു. 

Tags:    
News Summary - Delhi, Centre's Fight For Control Of Bureaucrats Goes To Supreme Court Again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.