ന്യൂഡൽഹി: പൊതുഗതാഗതവും മാളുകളും ഭാഗികമായി തുറക്കണമെന്നാണ് ഡൽഹിയിലെ ജനങ്ങളുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മൂന്നാംഘട്ട ലോക്ഡൗൺ അവസാനിപ്പിക്കുന്നതിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ജനങ്ങളിൽനിന്ന് നിർദേശം തേടിയിരുന്നു. ലഭിച്ച അഞ്ച് ലക്ഷത്തിലധികം പ്രതികരണങ്ങളിൽ ഭൂരിഭാഗവും ഇക്കാര്യമാണുന്നയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാട്‌സ്ആപ്പ്, ഇ-മെയിൽ, ശബ്ദ സന്ദേശം തുടങ്ങിയവ വഴിയാണ് ജനം പ്രതികരിച്ചത്. പ്രതികരണം കേന്ദ്ര സർക്കാറിന് സമർപ്പിക്കുന്നതിന് മുമ്പ് ഈ നിർദ്ദേശങ്ങൾ ഞങ്ങൾ ചർച്ച ചെയ്യും സംസ്ഥാന ഡി.ഡി.എം.എയുടെ യോഗത്തിൽ ലെഫ്റ്റനൻറ് ഗവർണറെ കാണും -അദ്ദേഹം പറഞ്ഞു.
വേനലവധി കഴിയുന്നത് വരെ സ്കൂളുകൾ, കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടച്ചിടണമെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടതായി കെജ്രിവാൾ പറഞ്ഞു. ബാർബർ ഷോപ്പുകൾ, സ്പാ, നീന്തൽക്കുളങ്ങൾ എന്നിവ അടച്ചിടണമെന്നും ജനം അഭിപ്രായപ്പെട്ടു. വൈകീട്ട് ഏഴിനുശേഷം പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ഓട്ടോകൾ, ബസുകൾ, മെട്രോ എന്നിവ പരിമിതമായ അളവിൽ ലഭ്യമാക്കണമെന്നാണ് കൂടുതൽ പേരും ആവശ്യപ്പെട്ടത് -അദ്ദേഹം പറഞ്ഞു.
കടകൾ തുറക്കുന്നതിന് ഒറ്റ, ഇരട്ട സംവിധാനം നടപ്പാക്കണമെന്ന് മാർക്കറ്റ് അസോസിയേഷനുകൾ നിർദ്ദേശിച്ചതായും കെജ്രിവാൾ അറിയിച്ചു. മാളുകളിലെ മൂന്നിലൊന്ന് കടകൾ തുറക്കാൻ അനുവദിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.