അറസ്റ്റ് ചെയ്ത പ്രതികളുമായി പൊലീസ്

ബംഗ്ലാദേശ് സ്വദേശികളിൽനിന്ന് വൃക്ക കൈക്കലാക്കി വൻ തുകക്ക് മറിച്ച് വിൽപ്പന; ഏഴംഗ സംഘം അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലുമായി പ്രവർത്തിച്ചിരുന്ന അവയവക്കടത്ത് സംഘത്തെ ഡൽഹി പൊലീസ് പിടികൂടി. മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ ഉൾപ്പെടെ ഏഴ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശ് സ്വദേശികളെ കബളിപ്പിച്ച്, ചെറിയ തുകക്ക് വൃക്ക കൈക്കലാക്കുകയും പിന്നീട് ഇത് ആവശ്യക്കാർക്ക് വൻ തുകക്ക് വിൽക്കുന്നതുമായിരുന്നു ഇവരുടെ രീതി.

മൊബൈൽ ഫോണുകൾ, ലാപ്ടോപ്, സിം കാർഡുകൾ, പണം, സുപ്രധാന വിവരങ്ങളടങ്ങിയ രേഖകൾ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നാലോ അഞ്ചോ ലക്ഷം രൂപക്ക് ബംഗ്ലാദേശിലെ ദരിദ്രരിൽനിന്ന് വൃക്ക വാങ്ങിയ ശേഷം ഇത് ആവശ്യക്കാർക്ക് 20 മുതൽ 30 ലക്ഷം രൂപക്ക് വരെ വിൽക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. പലപ്പോഴും ജോലി വാഗ്ദാനം ചെയ്തുപോലും തട്ടിപ്പു സംഘം വൃക്ക കൈക്കലാക്കി. അവയവം സ്വീകരിക്കുന്നവരുടെ ബന്ധുക്കളിൽനിന്ന് മാറ്റിവെച്ചതായി വ്യാജരേഖ ചമച്ചാണ് പിന്നീടുള്ള നീക്കമെന്നും പൊലീസ് കണ്ടെത്തി.

അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാളായ ഡോക്ടർ വിജയ കുമാരി നോയിഡയിലെ ആശുപത്രിയിൽ ഇത്തരത്തിൽ 15ലേറെ നിയമവിരുദ്ധ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഓരോ തവണയും ഇവർ രണ്ട് ലക്ഷം രൂപവീതം കൈപ്പറ്റി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലെ ജസോല വിഹാറിൽ ലപൊലീസ് നടത്തിയ പരിശോധനയിൽ നാലുപേർ കുടുങ്ങുകയായിരുന്നു. പിന്നീട് മറ്റ് മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

വൃക്ക മാറ്റിവെക്കാതെ രോഗിക്ക് ജീവൻ നിലനിർത്താനാവാത്ത സാഹചര്യങ്ങളിലാണ് അവയവ മാറ്റത്തിന് ഡോക്ടർമാർ നിർദേശിക്കുന്നത്. അടുത്ത ബന്ധുക്കളിൽനിന്ന് അല്ലാതെ വൃക്ക സ്വീകരിക്കുന്നതിന് പ്രത്യേക അനുമതിപത്രം വേണം. വൃക്കദാദാക്കളേക്കാൾ കൂടുതൽ രോഗികളുടെ എണ്ണം ഉയർന്നതോടെയാണ് അവയവക്കടത്ത് സംഘം വ്യാപകമായത്. 

Tags:    
News Summary - Delhi Cops Crack Kidney Sale Racket Operating Across five States

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.