ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഭിന്നിപ്പ് പിന്തുണക്കില്ല -മുസഫർനഗർ വിഷയത്തിൽ ചിരാഗ് പാസ്വാൻ

ന്യൂഡൽഹി: മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മുസഫർനഗറിലെ പൊലീസ് നിർദേശത്തെ പിന്തുണക്കുന്നില്ലെന്ന് കേന്ദ്രമന്ത്രിയും ലോക്ജൻശക്തി നേതാവുമായ ചിരാഗ് പാസ്വാൻ. കൻവാർ യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലികളിൽ കടയുടമയുടെ പേര് പ്രദർശിപ്പിക്കണമെന്നായിരുന്നു യു.പിയിലെ മുസഫർ നഗർ പൊലീസിന്റെ നിർദേശം.

മതത്തിന്റെയും ജാതിയു​ടെയും പേരിലുളള വിഭജനത്തെ ഒരിക്കലും അംഗീകരിക്കില്ലെന്നും ചിരാഗ് വ്യക്തമാക്കി. നിർദേശത്തിനെതിരെ ജെ.ഡി.യു നേതാവ് നിതീഷ് കുമാറും രംഗത്തുവന്നിരുന്നു. മുസഫർനഗർ പൊലീസിന്റെ വിവാദ നിർദേശത്തിനെതിരെ വലിയ തോതിൽ വിമർശനമുയർന്നിരുന്നു. ദരിദ്രർ, ധനികർ എന്നിങ്ങനെ താൻ മനുഷ്യരിൽ രണ്ടുവിഭാഗങ്ങളുണ്ടെന്നാണ് താൻ വിശ്വസിക്കുന്നത്. ഈ വിഭാഗങ്ങൾ തമ്മിലുള്ള അന്തരം ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്.

ദലിതർ, പിന്നാക്ക വിഭാഗക്കാർ, ഉയർന്ന ജാതിക്കാർ, മുസ്‌ലിംകൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഉൾപ്പെടുന്ന ദരിദ്രർക്കുവേണ്ടി പ്രവർത്തിക്കുക എന്നത് ഓരോ സർക്കാരിന്റെയും ഉത്തരവാദിത്തമാണ്. എല്ലാവരും അവിടെയുണ്ട്. അവർക്കുവേണ്ടി നമ്മൾ പ്രവർത്തിക്കണം.-ചിരാഗ് പാസ്വാൻ പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഭിന്നിപ്പുണ്ടായാൽ അതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. എന്റെ പ്രായത്തിലുള്ള വിദ്യാസമ്പന്നരായ ഒരാളും ഇത്തരം ചിന്താഗതികൾ വെച്ചുപുലർത്തുന്നില്ല എന്നാണ് തോന്നുന്നത്. -ചിരാഗ് പറഞ്ഞു. ജാതിക്കും വർഗീയതക്കുമെതിരെ പോരാടുന്ന 21ാം നൂറ്റാണ്ടിലെ യുവാവ് എന്നാണ് ചിരാഗ് പാസ്വാൻ സ്വയം വിശേഷിപ്പിക്കുന്നത്. ജാതീയതക്കും വർഗീയതക്കും ഏറ്റവും കൂടുതൽ ഇരയായ സംസ്ഥാനങ്ങളിൽ ഒന്നാണ് ബിഹാർ. എന്നാൽ ഇത്തരം കാര്യങ്ങൾക്കെതിരാണെന്ന് പരസ്യമായി പറയാൻ മടിയില്ലെന്നും ചിരാഗ് പറഞ്ഞു.

കൻവാർ യാത്രയുടെ പശ്ചാത്തലത്തിൽ യു.പിയിലെ കടകൾക്ക് മുന്നിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന വിവാദ നിർദേശത്തിനു പിന്നാലെ, കടകളിൽ നിന്ന് മുസ്‌ലിം തൊഴിലാളികളെ ഒഴിവാക്കാനും യു.പി പൊലീസ് നിർദേശം നൽകുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. നിർദേശത്തെ തുടർന്ന് മുസഫർനഗറിലെ ധാബയിൽ നിന്ന് നാല് മുസ്‍ലിം തൊഴിലാളികളെ പറഞ്ഞുവിട്ടു. 

Tags:    
News Summary - Don’t support any divide on caste or religion: Chirag Paswan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.