ന്യൂഡൽഹി: ഡൽഹി വംശീയാക്രമണ കേസിലെ നാലു പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടു. രണ്ട് ദൃക്സാക്ഷികളുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞാണ് കോടതി നടപടി. ഡൽഹി വംശീയാക്രമണത്തോടനുബന്ധിച്ച് ഗോകുൽപുരിയിൽ അഫ്സൽ സൈഫിയുടെ വീട് കൊള്ളയടിച്ച് തീവെച്ച കേസിലെ പ്രതികളായ ദിനേശ്, സാഹിൽ, സന്ദീപ്, ടിങ്കു എന്നിവരെയാണ് ദൃക്സാക്ഷി മൊഴികളിൽ സംശയം തോന്നുന്നുവെന്ന് പറഞ്ഞ് അഡീഷനൽ സെഷൻസ് ജഡ്ജി വീരേന്ദ്ര ഭട്ട് വെറുതെ വിട്ടത്. ഗോകുൽപുരിയിലെ തന്നെ ശുഐബിന്റെ കട കൊള്ളയടിച്ച് തീവെച്ച കേസിലും പ്രതികളാണിവർ.
സി.സി.ടി.വി ദൃശ്യത്തിൽ കാണുന്ന ഏഴ് പേരിൽ നാലുപേരെ ഒരു ദൃക്സാക്ഷി തിരിച്ചറിഞ്ഞിരുന്നു. കൊള്ളയും തീവെയ്പും നടക്കുന്ന സമയത്ത് അവർ മുഖം മറച്ചിരുന്നില്ലെന്നും ദൃക്സാക്ഷി മൊഴി നൽകി. മുഖം മറക്കാത്ത നാല് പേരെ തിരിച്ചറിഞ്ഞിരുന്നുവെന്നായിരുന്നു രണ്ടാം ദൃക്സാക്ഷിയുടെ മൊഴി.
എന്നാൽ, സാക്ഷികൾ നൽകിയ മൊഴി കോടതിയുടെ മനസ്സിൽ സംശയം സൃഷ്ടിക്കുന്നതാണെന്ന് ജഡ്ജി വീരേന്ദ്ര ഭട്ട് വിധി പ്രസ്താവത്തിൽ കുറിച്ചു. ദൃക്സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞ സി.സി.ടി.വി ദൃശ്യം ഡൽഹി പൊലീസിനെ പ്രതിനിധാനംചെയ്യുന്ന പ്രോസിക്യൂഷൻ രേഖകളിൽ വെക്കാത്തതും പ്രതികളെ വിട്ടയക്കാൻ കാരണമായി കോടതി നിരത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.