ന്യൂഡൽഹി: മദ്യനയക്കേസിൽ പ്രതിചേർക്കപ്പെട്ട ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി. ഡൽഹി റൗസ് അവന്യൂ കോടതി സെപ്റ്റംബർ 25 വരെയാണ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത്. തിഹാർ ജയിലിൽ വിഡിയോ കോൺഫറൻസിങ് വഴിയായിരുന്നു കെജ്രിവാളിനെ കോടതിക്കു മുമ്പിൽ ഹാജരാക്കിയത്. കുറ്റപത്രത്തിന്റെ സോഫ്റ്റ് കോപ്പിയും മൂന്ന്, നാലുദിവസത്തിനകം ഹാർഡി കോപ്പിയും കെജ്രിവാളിന് കൈമാറാമെന്ന് വാദം കേൾക്കുന്നതിനിടെ സി.ബി.ഐ കോടതിയിൽ ഉറപ്പുനൽകി.
സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം കണക്കിലെടുത്ത് റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി കാവേരി ബാവേജ് കെജ്രിവാളിന് പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കെജ്രിവാളിനും മറ്റ് കുറ്റാരോപിതർക്കും എതിരെ സി.ബി.ഐ അനുബന്ധ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു.
സി.ബി.ഐ അറസ്റ്റ് ചെയ്ത കേസിൽ ജാമ്യം തേടിയുള്ള കെജ്രിവാളിന്റെ ഹരജിയിൽ സുപ്രീംകോടതി വിധി പറഞ്ഞിട്ടില്ല. സെപ്റ്റംബർ അഞ്ചിന് സുപ്രീംകോടതിയിൽ എ.എ.പിയെ പ്രതിനിധീകരിച്ച് ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ് വി, അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു എന്നിവരുടെ വാദം കേട്ട ശേഷം ഹരജിയിൽ വിധി പറയുന്നത് ജസ്റ്റിസുമാരായ സുര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ച് മാറ്റിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.