ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന കേസില്‍ ജെ.എൻ.യു വിദ്യാർഥി ശര്‍ജീല്‍ ഇമാമിനെതിരെ ഡല്‍ഹി കോടതി രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റം ചുമത്തി.
ജാമിഅ മില്ലിയ സർവകലാശാല, അലീഗഢ് സർവകലാശാല പരിസരങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികൾക്കിടെ നടത്തിയ പ്രസംഗങ്ങളുടെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 124 എ (രാജ്യദ്രോഹം), 153 എ (മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ ശത്രുത വളര്‍ത്തല്‍), 153 ബി (തെറ്റായ ആരോപണം, രാജ്യത്തിന്റെ ഐക്യത്തിനു വിഘാതമായ പ്രസ്താവം), 505 (പൊതുദ്രോഹത്തിനു വഴിയൊരുക്കുന്ന പ്രസ്താവനകള്‍), യു.എ.പി.എയിലെ 13 (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ) വകുപ്പുകള്‍പ്രകാരമാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് കുറ്റം ചുമത്തിയത്.
2019 ഡിസംബര്‍ 13ന് ജാമിഅ സർവകലാശാലക്കു സമീപമുള്ള ജാമിഅ നഗറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ 2020 ജനുവരി 25നാണ് ശർജീലിനെതിരെ ഡല്‍ഹി പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ടെന്നും അലീഗഢ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തിനിടെ നടത്തിയ സമാനമായ മറ്റൊരു പ്രസംഗവും ട്വിറ്ററിലും വെബ്സൈറ്റുകളിലും അപ് ലോഡ് ചെയ്തിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.