ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയുമായി ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടന്‍റ് അറസ്റ്റിൽ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്‍റ് ബുച്ചി ബാബു ഗൊരണ്ട് ലയെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യാൻ ഡൽഹി ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈദരാബാദ് ആസ്ഥാനമായ മൊത്ത-ചില്ലറ വ്യാപാരികൾക്കും അവരുമായി ബന്ധമുള്ളവർക്കും വേണ്ടി മദ്യനയം തയാറാക്കുന്നതിനും നടപ്പാക്കുന്നതിനും ബുച്ചി ബാബുവിന്‍റെ പങ്കാളിത്തം വ്യക്തമാണെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു. ബുച്ചി ബാബുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് സി.ബി.ഐ വക്താവ് അറിയിച്ചു.
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ സാക്ഷി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് കെ. കവിതക്ക് സി.ബി.ഐ നേരത്തെ സമൻസ് അയച്ചിരുന്നു. ഭാരതീയ രാഷ്ട്രസമിതി നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവിന്‍റെ മകളാണ് കവിതയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടന്‍റ് ആണ് ബുച്ചി റാവു. മുൻ എം.പിയും നിലവിൽ എം.എൽ.സിയുമാണ് കവിത.
അഴിമതി ആരോപണങ്ങളെ തുടർന്ന് ഡൽഹിയിലെ കെജ് രിവാൾ സർക്കാറിന്‍റെ പുതിയ മദ്യ നയം പിൻവലിച്ചിരുന്നു. തുടർന്ന് ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന ആരോപണത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയാണ് ഒരു കുറ്റാരോപിതൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.