ഡൽഹി മദ്യനയ കേസ്; മനീഷ് സിസോദിയ ജയിലിലേക്കെന്ന് സൂചന നൽകി കെജ്‌രിവാൾ

ന്യൂഡൽഹി: മദ്യനയ കേസിൽ മനീഷ് സിസോദിയ ഇന്ന് സി.ബി.ഐക്ക് മുന്നിൽ ഹാജരാവാനിരിക്കെ അദ്ദേഹം അറസ്റ്റിലാകുമെന്ന് സൂചന നൽകി ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ.

ജയിലിൽ പോകുന്നത് ശാപമല്ലെന്നും അത് നല്ലതിന് വേണ്ടിയാണെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. "ദൈവം നിങ്ങളുടെ കൂടെയുണ്ട്. ലക്ഷക്കണക്കിന് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഗ്രഹം നിങ്ങൾക്കൊപ്പമുണ്ട്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി ജയിലിൽ പോകേണ്ടി വരുന്നത് ശാപമല്ല. അത് നല്ല കാര്യമാണ്. നിങ്ങൾ ഉടൻ തന്നെ ജയിലിൽ നിന്ന് മടങ്ങിവരണമെന്ന് ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു. ഞങ്ങൾ എല്ലാവരും നിങ്ങൾക്കായി കാത്തിരിക്കും" കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ജയിലിൽ പോകാൻ തയ്യാറാണെന്നും സി.ബി.ഐക്ക് മുന്നിൽ ഹാജരാകുന്നതിന് മുമ്പ് സിസോദിയ പ്രതികരിച്ചിരുന്നു. "ഏതാനും മാസങ്ങൾ ജയിലിൽ കിടക്കേണ്ടി വന്നാലും എനിക്ക് യാതൊരു പ്രശ്നവുമില്ല. ഞാൻ ഭഗത് സിങ്ങിന്‍റെ അനുയായിയാണ്. അദ്ദേഹത്തെ തൂക്കിലേറ്റിയത് രാജ്യത്തിന് വേണ്ടിയാണ്. ഇത്തരം തെറ്റായ ആരോപണങ്ങളുടെ മേൽ ജയിലിൽ പോകേണ്ടി വരുന്നത് ചെറിയ കാര്യമാണ്"- സിസോദിയ പറഞ്ഞു.

അതേസമയം, ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തിന് പുറത്ത് ഒത്തുചേരലുകൾ വിലക്കി സി.ബി.ഐ ഉത്തരവിറക്കി. എ.എ.പി നേതാക്കളുടെ പ്രതിഷേധമുണ്ടാകുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് പ്രദേശത്ത് 144 ഏർപ്പെടുത്തിയത്. സിസോദിയയുടെ ഔദ്യോഗിക വസതിക്ക് പുറത്തും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Delhi excise policy case: CM Kejriwal hints at Sisodia going to jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.