ഡൽഹി തീപിടിത്തം: കെട്ടിട ഉടമ അറസ്റ്റിൽ, മരിച്ചവരിൽ തിരിച്ചറിഞ്ഞത് ഏഴ് പേരെ മാത്രം

ന്യൂഡൽഹി: ഡൽഹിയിൽ ​കെട്ടിടത്തിനു തീപിടിച്ച് 27പേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട ഉടമ മുണ്ട്ക സ്വദേശിയായ മനീഷ് ലാക്കറെയാണ് പിടിയിലായത്. അപകടത്തിനു പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഡൽഹിയിലും ഹരിയാനയിലും പൊലീസ് ഒന്നിലധികം റെയ്ഡുകൾ നടത്തിയതിന് ശേഷമാണ് ഇയാൾ വലയിലായത്.

അപകടത്തിൽ മരിച്ച ഏഴ് പേരെ മാത്രമാണ് തിരിച്ചറിയാൻ ആയത്. മറ്റുള്ളവരെ തിരിച്ചറിയാൻ ഡി.എൻ.എ ടെസ്റ്റ് നടത്താനാണ് തീരുമാനം. അതേസമയം, മരണസംഖ്യ ഇനിയും ഉയർന്നേക്കു​മെന്നാണ് സൂചന. സംഭവത്തിൽ മുഖ്യമന്ത്രി ​അരവിന്ദ് കെജ്രിവാൾ മജിസ്റ്റ്രീരിയ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം കേന്ദ്ര സർക്കാറും പ്രഖ്യാപിച്ചു.

കെട്ടിടത്തിൽ പ്രവേശിക്കാനും പുറത്തിറങ്ങാനുമായി ഇടുങ്ങിയ ഒറ്റവഴി മാത്രമാണുണ്ടായിരുന്നത്. ഇത് മരണ നിരക്ക് ഉയർത്താൻ കാരണമായതായി ഡൽഹി അഗ്നിശമനസേന മേധാവി അതുൽ ഗാർഗ് പറഞ്ഞു. കെട്ടിടത്തിന് ഫയർ ക്ലിയറൻസ് ഇല്ല.

സി.സി.ടി.വി, വൈഫൈ റൂട്ടറുകൾ, മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ നിർമിക്കുന്ന കെട്ടിടത്തിൽ വെള്ളിയാഴ്ച വൈകീട്ട് 4.40 ഓടെയാണ് തീപിടിത്തമുണ്ടായത്. ജനറേറ്റർ വെച്ചിരുന്ന ഒന്നാം നിലയിൽ നിന്ന് മുകളിലത്തെ നിലയിലേക്ക് തീപടരുകയായിരുന്നു. 

Tags:    
News Summary - Delhi fire: Building owner arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.