ന്യൂഡൽഹി: നഗരത്തെ കാലങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന മലിനീകരണ പ്രശ്നം പരിഹരിക്കുന്നതിനായി ദില്ലി സർക്കാർ 2021-22 വാർഷിക ബജറ്റിൽ 9,394 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യതലസ്ഥാനം നേരിടുന്ന വെല്ലുവിളി അതിജീവിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡൽഹി ഉപമുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ മനീഷ് സിസോധിയയാണ് ബജറ്റ് അവതരിപ്പിച്ചത്. നഗരം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വായു മലിനീകരണമാണെന്നും അതിനെ നേരിടാൻ സർക്കാൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ നൂറാം വാർഷികം ആഘോഷിക്കുേമ്പാഴേക്ക് ഡൽഹി മലിനീകരണ രഹിതമാക്കാനുള്ള പ്രവർത്തനം സർക്കാർ തുടങ്ങിയിട്ടുണ്ടെന്നും മനീഷ് സിസോധിയ പറഞ്ഞു. 'ഞങ്ങൾ നടപടികൾ ഘട്ടം ഘട്ടമായി അവതരിപ്പിക്കും. ദില്ലിയുടെ ഗ്രീൻ കവർ വർധിപ്പിക്കുന്നതിനും സർക്കാർ പരിശ്രമിക്കുന്നുണ്ട്. നിർമ്മാണ സൈറ്റുകളിൽ ആന്‍റി-സ്മോഗ് ഗണ്ണുകൾ നിർബന്ധമാക്കി, ഖരമാലിന്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള നയങ്ങൾ കൊണ്ടുവന്നതായും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.
രാജ്യം സ്വാതന്ത്ര്യം നേടിയതിന്‍റെ നൂറാം വാർഷികം ആഘോഷിക്കുേമ്പാഴേക്ക് കോവിഡ് - 19 പോലെ ദില്ലിയുടെ മലിനീകരണ പ്രശ്നവും പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള റോഡ്മാപ്പ് തയ്യാറാക്കി കഴിഞ്ഞതായും സിസോധിയ പറഞ്ഞു. കൂടാതെ, ദില്ലി സർക്കാരിന്‍റെ പുതിയ ഇലക്ട്രിക് വാഹന നയവും മന്ത്രി എടുത്തുപറഞ്ഞു. ദേശീയ തലസ്ഥാനത്തെ മലിനീകരണം കുറയ്ക്കുന്നതിന് സ്വീകരിച്ച നിരവധി നടപടികളിൽ ഒന്നാണ് ഇവി പോളിസി 2020.
ഇ.വി പോളിസിക്ക് മുമ്പ് ദില്ലിയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം രജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളുടെ 0.2 ശതമാനം മാത്രമായിരുന്നെന്നും, എന്നാൽ, പോളിസി ആരംഭിച്ചതിനുശേഷം, വിഹിതം രജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളുടെ 2.2 ശതമാനമായി ഉയർന്നതായും അദ്ദേഹം വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.