ന്യൂഡൽഹി: ഹരിദ്വാർ കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയെത്തുന്ന ഡൽഹി നിവാസികൾക്ക് നിർബന്ധിത ഹോം ക്വാറന്‍റീൻ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. 14 ദിവസത്തെ ഹോം ക്വാറന്‍റീനാണ് നിർദേശിച്ചിട്ടുള്ളത്. നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഡൽഹി സർക്കാർ ചീഫ് സെക്രട്ടറി വിജയ് ദേവ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ഏപ്രിൽ നാലിനും 17നും ഇടയിൽ കുംഭമേളയിൽ പങ്കെടുത്ത മുഴുവൻ പേരും 24 മണിക്കൂറിനകം ഡൽഹി സർക്കാറിന്‍റെ ഔദ്യോഗിക വെബ് സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിൽ തങ്ങളുടെ വിവരങ്ങൾ അപ് ലോഡ് ചെയ്യണം. ഏപ്രിൽ 18 മുതൽ 30 വരെ കുംഭമേളയിൽ പങ്കെടുക്കാൻ ഒരുങ്ങുന്നവർ യാത്ര പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യണം.
കുംഭമേളയിൽ പങ്കെടുത്ത ആരെങ്കിലും അവരുടെ വിവരങ്ങൾ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, അവരെ രണ്ടാഴ്ചത്തേക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്‍റീൻ സെന്‍ററിലേക്ക് അയക്കും. കുംഭമേളയിൽ പങ്കെടുത്തവരെ കണ്ടെത്താനാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നതെന്നും ഉത്തരവിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നു.
ഔദ്യോഗിക കണക്കു മാത്രമെടുത്താൽ അഖില ഭാരതീയ അഘാഡ പരിഷത് പ്രസിഡന്റ് അടക്കം ചുരുങ്ങിയത് അഞ്ചു ഡസൻ സന്ന്യാസിമാർക്കും 1700ൽപരം തീർഥാടകർക്കും കോവിഡ് ബാധിച്ചിരുന്നു. കുംഭമേളക്ക് എത്തിയ മധ്യപ്രദേശിലെ മഹാനിർവാണി അഘാഡ സന്യാസി പ്രമുഖൻ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതിനിടയിലും 32 ലക്ഷത്തോളം പേർ ഇതിനകം കുംഭമേളക്ക് എത്തിയെന്നാണ് കണക്ക്.
സാമൂഹിക അകലത്തിന്റെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പതിനായിരങ്ങൾ ഒഴുകിയെത്തുന്നതും കൂട്ടമായി കുളിക്കുന്നതും ഒന്നിച്ചു കഴിയുന്നതുമെല്ലാം കോവിഡ് വിതരണ കേന്ദ്രമാക്കി കുംഭമേളയെ മാറ്റിയെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. രണ്ട് ഷാഹി സ്നാനങ്ങൾ നടന്നു കഴിഞ്ഞിരിക്കേ, കുംഭമേളയിലെ പങ്കാളിത്തം നന്നേ പരിമിതപ്പെടുത്താൻ സന്യാസിമാരോട് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.