ന്യൂഡൽഹി: ഡൽഹി സർക്കാറിനെ ജയിലിൽ നിന്ന് നിയന്ത്രിക്കാൻ കെജ്‌രിവാളിനെ അനുവദിക്കില്ലെന്ന് ഡൽഹി ലഫ്. ഗവർണർ വി.കെ സക്‌സേന. ജയിലിൽ കിടന്നാലും അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയായി തുടരുമെന്ന് എ.എ.പി നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.
'ടൈംസ് നൗ' ഉച്ചകോടിയിൽ സംസാരിക്കവെ സർക്കാറിനെ ജയിലിൽ നിന്ന് നിയന്ത്രിക്കാനാവില്ലെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് ഉറപ്പുനൽകാൻ തനിക്ക് കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഡൽഹിയെ ലോകോത്തര തലസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, എ.എ.പി നേതാവും ഡൽഹിയിലെ മന്ത്രിയുമായ അതിഷി ഇ.ഡി അറസ്റ്റിനെ തുടർന്ന് അരവിന്ദ് കെജ്‌രിവാൾ രാജിവെക്കുമെന്ന വാദം തള്ളിയിരുന്നു. കെജ്‌രിവാൾ മുഖ്യമന്ത്രിയായി തുടരുമെന്നും സർക്കാർ ജയിലിൽ നിന്ന് നയിക്കുമെന്നുമാണ് അതിഷി പറഞ്ഞത്.
ഇ.ഡി കസ്റ്റഡിയിൽ നിന്ന് മുഖ്യമന്ത്രി രണ്ട് ഉത്തരവുകളും പുറപ്പെടുവിച്ചു. തന്‍റെ ആദ്യ ഉത്തരവിൽ ജനങ്ങളുടെ ജലദൗർലഭ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജലവിഭവ മന്ത്രി അതിഷിക്ക് നിർദ്ദേശം നൽകി. രണ്ടാമത്തെ ഉത്തരവിൽ, മരുന്നുകളുടെയും ഡയഗ്നോസ്റ്റിക് ടെസ്റ്റുകളുടെയും കുറവ് പരിഹരിക്കാൻ അദ്ദേഹം ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജിനോട് ആവശ്യപ്പെട്ടു.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് അടക്കം അന്വേഷണ ഏജൻസിയുടെ തുടർനടപടികളിൽനിന്ന് കെജ്രിവാളിന് സംരക്ഷണം നൽകാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയും ഡൽഹി റോസ് അവന്യു കോടതി തള്ളിയിരുന്നു. മാർച്ച് 28 വരെ കെജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.