അഭിഭാഷകരുമായി കൂടുതൽ കൂടിക്കാഴ്ചക്ക് അവസരം നൽകണം; കെജ്രിവാളിന്‍റെ ഹരജിയിൽ ജയിലധികൃതരുടെ മറുപടി തേടി ഡൽഹി ഹൈകോടതി

ന്യൂഡൽഹി: മദ്യന‍യ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അഭിഭാഷകരുമായി കൂടുതൽ വെർച്വൽ കൂടിക്കാഴ്ചകൾ നടത്താൻ അനുമതി ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ തിഹാർ ജയിൽ അധികൃതരോട് ഡൽഹി ഹൈക്കോടതി മറുപടി തേടി. ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ ജയിൽ അധികൃതർക്ക് മറുപടി നൽകാൻ അഞ്ച് ദിവസത്തെ സമയം അനുവദിക്കുകയും ജൂലൈ 15 ന് വിഷയം വാദത്തിന് ലിസ്റ്റ് ചെയ്യുകയും ചെയ്തു.

വിഡിയോ കോൺഫറൻസിലൂടെ തന്‍റെ അഭിഭാഷകരുമായി ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് കൂടിക്കാഴ്ചകൾ നടത്താൻ ജയിൽ അധികാരികൾക്ക് നിർദേശം നൽകണമെന്ന് കെജ്രിവാൾ ഹരജിയിൽ പറഞ്ഞിരുന്നു. അപേക്ഷ നിരസിച്ച വിചാരണ കോടതിയുടെ ജൂലൈ 1 ൻ്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹൈകോടതിയിൽ ഹരജി നൽകിയത്.

തനിക്കെതിരെ 30-35 കേസുകൾ ഉണ്ടെന്നും അതിനാൽ അഭിഭാഷകരുമായി കൂടിയാലോചനകളും ചർച്ചകളും വേണമെന്നും കെജ്രിവാൾ പറഞ്ഞു. ന്യായമായ വിചാരണക്ക് കേസുകൾ ചർച്ച ചെയ്യാൻ വിഡിയോ കോൺഫറൻസിലൂടെ അഭിഭാഷകരുമായി രണ്ട് അധിക കൂടിക്കാഴ്ചകൾ ആവശ്യമാണെന്നും കെജ്രിവാളിന്‍റെ അഭിഭാഷകൻ വാദിച്ചു. ഹരജിയിൽ മറുപടി നൽകണമെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്‍റെ അഭിഭാഷകനും പറഞ്ഞു.

മദ്യന‍യ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന കെജ്രിവാളിന് ജൂൺ 20ന് റൗസ് അവന്യൂ കോടതി അനുവദിച്ച ജാമ്യം, തൊട്ടടുത്ത ദിവസം ഇ.ഡി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഹൈകോടതി സ്റ്റേ ചെയ്യുകയായിരുന്നു. പിന്നാലെ സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയതോടെ കെജ്രിവാളിന് ജയിലിൽ തുടരേണ്ട സാഹചര്യം ഒരുങ്ങുകയായിരുന്നു.

കെജ്രിവാളിന്‍റെ ജാമ്യം തടഞ്ഞ ഡൽഹി ഹൈകോടതിയുടെ നടപടിയിൽ ആശങ്കയറിച്ച് കഴിഞ്ഞ ദിവസം 150 അഭിഭാഷകരുടെ സംഘം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന് കത്ത് നൽകിയിരുന്നു.

Tags:    
News Summary - Delhi HC seeks Tihar reply to Kejriwal’s plea for additional meetings with lawyers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.