ന്യൂഡൽഹി: തിരിച്ചറിയൽ രേഖയില്ലാതെ 2000 രൂപ നോട്ട് ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാമെന്ന ഉത്തരവിനെതിരെ ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഡൽഹി ഹൈകോടതി തള്ളി. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ഒരു രേഖകളുമില്ലാതെ 2000 രൂപയുടെ നോട്ടുകൾ മാറ്റി നൽകാമെന്ന തീരുമാനം ശരിയല്ലെന്നും അത് റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം.
എല്ലാ ഇന്ത്യക്കാർക്കും ആധാർ നമ്പറും ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കെ, 2000 രൂപയുടെ നോട്ട് മാറ്റാൻ ഒരു രേഖയും ആവശ്യമില്ലെന്ന നിലപാട് തെറ്റാണെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. വൻ തോതിൽ പണം വ്യക്തികളുടെ ലോക്കറിലോ അല്ലെങ്കിൽ വിഘടനവാദികളുടെയും തീവ്രവാദികളുടെയും മാവോവാദികളുടെയും മയക്കുമരുന്ന് കടത്തുകാരുടെയും മാഫിയകളുടെയും കൈയിലോ ഉണ്ടാകുമെന്നും ഹരജിയിൽ പറഞ്ഞു.
എന്നാൽ, ഹരജിയെ റിസർവ് ബാങ്ക് ശക്തമായി എതിർത്തു. ഇത് നോട്ട് നിരോധനമല്ലെന്നും നിയമപരമായുള്ള ഒരു നടപടിക്രമം മാത്രമാണെന്നും ആർ.ബി.ഐ വാദിച്ചു. ഹരജിയിൽ പറയുന്ന കാര്യം പൊതുതാൽപര്യമല്ലെന്നും അതിനാൽ ഹരജി തള്ളണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി ആർ.ബി.ഐ വ്യക്തമാക്കിയത്. സെപ്തംബർ 30 വരെ ആളുകൾക്ക് നോട്ടുകൾ ബാങ്കിലെത്തി മാറ്റുകയോ അവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയോ ചെയ്യാം.
നോട്ടുകൾ മാറ്റി എടുക്കുന്നതിന് പ്രത്യേകം അപേക്ഷ നൽകുകയോ തിരിച്ചറിയൽ കാർഡ് ഹാജരാക്കുകയോ വേണ്ടെന്ന് എസ്.ബി.ഐ വ്യക്തമാക്കിയിരുന്നു. ഒറ്റത്തവണയിൽ 20,000 രൂപവരെയുള്ള നോട്ടുകൾ മാറ്റിയെടുക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.