ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റിനെ ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഡൽഹി ഹൈകോടതിയിൽ നൽകിയ ഹരജി അടിയന്തരമായി പരിഗണിക്കില്ല. ഹരജി അടുത്ത ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
ഇ.ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും തന്നെ ജയിൽ മോചിതനാക്കണമെന്നും ഹരജി എത്രയും വേഗം പരിഗണിക്കണമെന്നായിരുന്നു കെജ്‍രിവാളിന്‍റെ ആവശ്യം.
കെജ്‍രിവാളിന്‍റെ അറസ്റ്റിനെതിരെ ഇന്നും പ്രതിഷേധം അരങ്ങേറി. ഡൽഹി ശഹീദി പാർക്കിൽ ഡൽഹി ആപ് എം.എൽ.എമാർ, കൗൺസിലർമാർ, പാർട്ടി ഭാരവാഹികൾ, ഇൻഡ്യ സഖ്യത്തിലെ നേതാക്കൾ എന്നിവർ ഒത്തുകൂടി ജനാധിപത്യം സംരക്ഷിക്കാനുള്ള പ്രതിജ്ഞയെടുത്തു. പഞ്ചാബിലും ഹരിയാനയിലും ശനിയാഴ്ചയും ആപ് പ്രവർത്തകരുടെ പ്രതിഷേധം നടന്നു. ചണ്ഡിഗഢിൽ നടന്ന പ്രതിഷേധത്തിന് പഞ്ചാബ് മന്ത്രിമാർ നേതൃത്വം നൽകി.
വ്യാഴാഴ്ച രാത്രി 9.15ഓടെയാണ് ഇ.ഡി സംഘം കെജ്രിവാളിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. രാത്രി ഇ.ഡിയുടെ ലോക്കപ്പിലാണ് ഡൽഹി മുഖ്യമന്ത്രി കഴിച്ചു കൂട്ടിയത്. വെള്ളിയാഴ്ച രാവിലെ അറസ്റ്റിനെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകിയെങ്കിലും വിചാരണ കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ഇത് പിൻവലിച്ചു. പിന്നീട് മണിക്കൂറുകൾ നീണ്ട വാദങ്ങൾക്കൊടുവിൽ വിചാരണ കോടതി കെജ്‍രിവാളിന് ജാമ്യം നിഷേധിക്കുകയും ഇ.ഡിയുടെ കസ്റ്റഡിയിൽ വിടുകയുമായിരുന്നു.
ന്യൂഡൽഹി: ഓരോ തുള്ളി രക്തവും രാജ്യത്തിന് വേണ്ടിയാണെന്നും ജയിലിലായാലും പുറത്തായാലും രാജ്യത്തിനും ജനങ്ങൾക്കുമായുള്ള പോരാട്ടം തുടരുമെന്നും അരവിന്ദ് കെജ്‍രിവാൾ. ഇ.ഡി കസ്റ്റഡിയിലിരിക്കുന്ന കെജ്‍രിവാളിന്‍റെ സന്ദേശം ഭാര്യ സുനിത കെജ്രിവാളാണ് പുറത്തുവിട്ടത്.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ താൻ പുറത്തുണ്ടാവും. ജനങ്ങളുടെ സഹോദരനും മകനുമായി നിലകൊള്ളുന്ന തന്നെ പൂട്ടിയിടാൻമാത്രം വലിയ തടവറകളൊന്നും ഇല്ല. ഉടൻ പുറത്തിറങ്ങി വാഗ്ദാനങ്ങൾ നിറവേറ്റും. താൻ എന്തെങ്കിലും വാഗ്ദാനം ചെയ്യുകയും അത് പാലിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.