ന്യൂഡൽഹി: ജി20 ഉച്ചകോടിക്കുള്ള തയ്യാറെടുപ്പിനിടെ പിടികൂടിയ തെരുവ് നായ്ക്കളെ വിട്ടയക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ജി20 ഉച്ചകോടി എന്നിവയോടനുബന്ധിച്ച് പിടികൂടിയ തെരുവ് നായ്ക്കളുടെ കാര്യത്തിൽ ആശങ്ക അറിയിച്ച് മൃഗസ്നേഹി സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സഞ്ജീവ് നരുല എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഡൽഹി സർക്കാരിനോടും അനിമൽ വെൽഫെയർ ബോർഡിനോടും 2023ലെ ആനിമൽ ബർത്ത് കൺട്രോൾ റൂൾസിന് കീഴിലുള്ള എല്ലാ വ്യവസ്ഥകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.
പിടിക്കപ്പെട്ട നായ്ക്കൾക്ക് കോളർ നമ്പറിടുക, ശരിയായ രേഖകൾ സൂക്ഷിക്കുക, പിടികൂടിയ അതേ പ്രദേശത്ത് തന്നെ വിട്ടയക്കുക എന്നിവ ഈ നിയമങ്ങളിൽ ഉൾപ്പെടുന്നു. തെരുവ് നായ്ക്കളെ പിടികൂടുന്നതിനും വിട്ടയക്കുന്നതിനുമുള്ള മൃഗങ്ങളുടെ ജനന നിയന്ത്രണ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കോടതി ഓർമിപ്പിച്ചു. തെരുവുനായ്ക്കളോട് മനുഷ്യത്വപരമായ പെരുമാറ്റം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കോടതി ഹരജി തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.