ന്യൂഡൽഹി: ഡൽഹി വംശീയാതിക്രമം ആസൂത്രിതമായിരുന്നെന്നും ഏതെങ്കിലും സംഭവത്തിൽനിന്നുള്ള പ്രേരണകൊണ്ടുണ്ടായതല്ലെന്നും ഡൽഹി ഹൈകോടതി. കലാപം ആസൂത്രണം ചെയ്തതാണെന്ന് (പൗരത്വ) സമരക്കാരുടെ പെരുമാറ്റത്തിൽനിന്ന് വളരെ വ്യക്തമാണെന്നും മുഹമ്മദ് ഇബ്രാഹീം എന്ന പ്രതിയുടെ ജാമ്യം നിഷേധിച്ച് ജസ്റ്റിസ് സുബ്രമോണ്യം പ്രസാദ് വ്യക്തമാക്കി. സാധാരണ ജനജീവിതവും സർക്കാറിെൻറ പ്രവർത്തനവും തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടായിരുന്നു കലാപമെന്ന് ഡൽഹി പൊലീസ് സമർപ്പിച്ച വിഡിയോയിൽനിന്ന് വ്യക്തമാണ്.
സി.സി.ടി.വി കാമറകൾ തകർത്തതും അവയുടെ കണക്ഷൻ വിച്ഛേദിച്ചതും ആസൂത്രണത്തിെൻറ ഭാഗമായിത്തന്നെയാണ്. എണ്ണത്തിൽ കുറവായ പൊലീസിന് നേർക്ക് വടികളും ബാറ്റുകളും ഇരുമ്പുദണ്ഡുകളുമായി നടത്തിയ ആക്രമണവും മറ്റൊരു തെളിവാണ്.
കഴിഞ്ഞ വർഷം ഫെബ്രുവരി 24ന് ഡൽഹി വംശീയാതിക്രമത്തിനിടെ രത്തൻ ലാൽ എന്ന പൊലീസ് കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെടുത്തിയാണ് ഇബ്രാഹീമിെൻറ അറസ്റ്റ്. നേരത്തെ ജാമ്യം ലഭിച്ച മുഹമ്മദ് സലീം ഖാനൊപ്പമാണ് അറസ്റ്റിലായത്. പ്രതി വാളുമായി ആളുകളെ ഭീഷണിപ്പെടുത്തുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാമെന്നും ജഡ്ജി കൂട്ടിച്ചേർത്തു. തെൻറയും കുടുംബത്തിെൻറയും ആത്മരക്ഷക്കാണ് വാൾ കൈയിൽ കരുതിയതെന്നും വാളുകൊണ്ടുള്ള വെേട്ടറ്റല്ല രത്തൻ ലാൽ കൊല്ലപ്പെട്ടതെന്നും ഇബ്രാഹീമിെൻറ അഭിഭാഷകൻ വാദിച്ചിരുന്നു.
എന്നാൽ, ഇബ്രാഹീം കൈയിൽ കരുതിയ ആയുധംകൊണ്ട് ഗുരുതരമായി പരിക്കേൽക്കാനും കൊല്ലപ്പെടാനും വരെ സാധ്യതയുള്ളതാണെന്ന് ഹൈകോടതി പ്രതികരിച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തുകയായിരുന്ന ചാന്ദ്ബാഗിലെ സമരക്കാരെ നേരിടാൻ പൊലീസ് എത്തിയപ്പോൾ അവരെ തടയാൻ നാട്ടുകാർ സംഘടിച്ചതിനെ തുടർന്നുണ്ടായ സംഘർഷമാണ് ഹെഡ് കോൺസ്റ്റബിളിെൻറ കൊലയിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.