ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ‘ആപ്’ കമ്യൂണിക്കേഷൻ ചുമതല വഹിക്കുന്ന വിജയ് നായർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 23 മാസം നീണ്ട ജയിൽവാസത്തിനുശേഷമാണ് കോടതിയുടെ ആശ്വാസ നടപടി. കടുത്ത നിയമങ്ങൾ പ്രയോഗിക്കുന്ന കേസുകളിൽ പോലും സ്വാതന്ത്ര്യം എന്ന സങ്കൽപത്തിന്റെ പവിത്രത മാനിക്കേണ്ടതുണ്ടെന്ന് ഉന്നത കോടതി പറഞ്ഞു.
‘ജാമ്യമാണ് ചട്ടം, ജയിൽ വിശേഷവിധിയാണെ’ന്ന നിയമതത്ത്വം ഓർമിപ്പിച്ചാണ് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ.ഭട്ടി എന്നിവരുടെ ബെഞ്ച് ജാമ്യം അനുവദിച്ചത്. ഇതേ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും ബി.ആർ.എസ് നേതാവ് കെ.കവിതക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതിലെ സി.ബി.ഐ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇപ്പോഴും ജാമ്യം കിട്ടിയിട്ടില്ല.
വിചാരണയില്ലാതെ ശിക്ഷയുണ്ടാകരുതെന്ന് ജസ്റ്റിസ് റോയ് ഉത്തരവിൽ പറഞ്ഞു. ഈ കേസിൽ പരമാവധി ശിക്ഷ ഏഴു കൊല്ലമാണ്. അതിന് ഇത്രയും നീണ്ട കാലം ജാമ്യമില്ലാതെ ജയിലിലടക്കുന്നത് നിയമതത്ത്വങ്ങളെ അട്ടിമറിക്കുന്നതിന് തുല്യമാകും. അതിനാൽ ഹരജിക്കാരന് ജാമ്യത്തിന് അവകാശമുണ്ട്-വിധിയിൽ തുടർന്നു. തങ്ങളുടെ നിരീക്ഷണങ്ങൾ വിചാരണക്ക് തടസ്സമായി തീരില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
സത്യത്തെ ശല്യപ്പെടുത്താനാകും; എന്നാൽ, കീഴടക്കാനാകില്ലെന്ന് വിജയ് നായർക്ക് ജാമ്യം അനുവദിച്ച വിധിയോട് ‘ആപ്’ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.